എന്ഡോസള്ഫാന് അപകടകാരിയോ എന്നറിയാന്‍ ഇനിയും പഠനങ്ങള്‍ക്ക് അധികൃതര്‍ കാത്തിരിക്കെ ഇരകളുടെ ദുരിതം തുടരുകയാണ്. കേരളത്തില്‍ ഈ കീടനാശിനി നിരോധിച്ചിട്ടുണ്ട്. എന്നാല്‍, അതിനു മുമ്പ് രണ്ടു പതിറ്റാണ്ടുകാലം കാസര്‍കോട്ടെ കശുമാവിന്‍തോട്ടങ്ങളില്‍ അത് തളിച്ചതിന്റെ പ്രത്യാഘാതങ്ങള്‍ അവസാനിക്കാറായില്ല. ശനിയാഴ്ച പള്ളത്തടുക്കയിലെ കവിത എന്ന യുവതി മരിച്ചു. ജന്മനാ ബുദ്ധിമാന്ദ്യവും വളര്‍ച്ചക്കുറവുമുണ്ടായിരുന്നു. നാവ് എപ്പോഴും പുറത്തിട്ട് ജീവിച്ച കവിതയെപ്പോലുള്ളവര്‍ ഇങ്ങനെ നരകിച്ചു കഴിയേണ്ടിവന്നതിന് എന്‍ഡോസള്‍ഫാന്‍ തന്നെയോ കാരണമെന്ന് ഇനിയും പരിശോധിച്ചിട്ട് വേണമത്രെ. മൂന്നുവര്‍ഷം മുമ്പാണ് കവിതയുടെ അച്ഛന്‍ വെങ്കപ്പനായിക് കീടനാശിനിജന്യരോഗം മൂലം മരണപ്പെട്ടത്. കവിതയുടെ ജ്യേഷ്ഠന്‍ നാരായണനും ബുദ്ധിമാന്ദ്യമുണ്ട്. ബുദ്ധിമാന്ദ്യവും അര്‍ബുദവും ജന്മവൈകല്യങ്ങളും ത്വക്‌രോഗങ്ങളുമെല്ലാമായി കാസര്‍കോട്ടെ 15 ഗ്രാമങ്ങളിലായി അഞ്ഞൂറിലധികം മനുഷ്യര്‍ മരിച്ചു. 900ത്തോളം പേര്‍ രോഗബാധിതരായി കഴിയുന്നു. കീടനാശിനി പ്രയോഗിച്ച പ്രദേശത്തെ ആയിരക്കണക്കിന് കുടുംബങ്ങള്‍ യാതനയിലാണ്. ഒരു പ്രദേശത്ത് എന്തുകൊണ്ടിത്തരം അസാധാരണ രോഗങ്ങള്‍ ഉണ്ടാകുന്നു? എന്‍ഡോസള്‍ഫാനാണ് ഇതിന് ഹേതു എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി കെ.വി. തോമസ് അടക്കം പലരും പറയുന്നു. തര്‍ക്കമുണ്ടാക്കി വലിയ കമ്പനികളെ സംരക്ഷിക്കലാണ് ലക്ഷ്യമെങ്കില്‍ ഇതൊക്കെ കൊള്ളാം. അല്ല, ജനങ്ങളുടെ കഷ്ടപ്പാടിന് അറുതി വരുത്തണമെന്നുണ്ടെങ്കില്‍ വേണ്ടത് ഇനിയൊരു പഠന വ്യായാമത്തിന്റെ പേരു പറഞ്ഞ് എന്‍ഡോസള്‍ഫാന് അനുമതി പുനഃസ്ഥാപിക്കുകയല്ല, മറിച്ച് എന്‍ഡോസള്‍ഫാന്‍ സുരക്ഷിതമാണെന്ന് വസ്തുനിഷ്ഠമായി സ്ഥാപിക്കാനാവാത്തിടത്തോളം കാലം ഇന്ത്യ മുഴുവന്‍ അത് നിരോധിക്കുകയാണ്.
എന്‍ഡോസള്‍ഫാന്‍ നിരോധത്തെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുന്നു എന്നതാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു കാര്യം. റോട്ടര്‍ഡാം, സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനുകളില്‍ ഈ രാസവിഷം ലോകവ്യാപകമായി നിരോധിക്കാന്‍ ശ്രമം നടന്നപ്പോഴൊക്കെ ഇന്ത്യ അതിനെ ചെറുക്കുകയാണ് ചെയ്തത്. കഴിഞ്ഞമാസം നിരോധത്തെ എതിര്‍ത്ത ഏക രാജ്യം ഇന്ത്യയാണ്. ലോകത്തേറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്- അതും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളില്‍. ഭോപാല്‍ ദുരന്തത്തോട് സമാനമാണ് കാസര്‍കോട്ടെ ദുരന്തം. എന്നിട്ടും എന്‍ഡോസള്‍ഫാനെതിരില്‍ തെളിവില്ലെന്ന് വാദിക്കുന്നവര്‍ ജീവച്ഛവങ്ങളായി കഴിയുന്നവരെ പരിഹസിക്കുകയാണ് ചെയ്യുന്നത്. തര്‍ക്കമുയര്‍ന്നപ്പോള്‍ അത് ശമിപ്പിക്കാനെന്നോണം കേന്ദ്രമന്ത്രി ജയറാം രമേശ് പറയുന്നു, കൂടുതല്‍ പഠനം ഇക്കാര്യത്തില്‍ നടത്തുമെന്ന്. പഠനം നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യട്ടെ. ആ കാരണം പറഞ്ഞ് എന്‍ഡോസള്‍ഫാന് അനുമതി നല്‍കിക്കൂടാ. ദേശവ്യാപകമായി അതിന്റെ നിരോധം വൈകിക്കൂടാ. ഈ രാസപദാര്‍ഥം അപകടകാരിയാണ് എന്നതിനല്ല തെളിവ് ആവശ്യമുള്ളത്. മറിച്ചൊരു വാദമുണ്ടെങ്കില്‍ അക്കാര്യമാണ് തെളിയിക്കേണ്ടത്. എന്‍ഡോസള്‍ഫാനെപ്പറ്റി പഠിക്കാന്‍ ഡസനിലേറെ സമിതികള്‍ ഇറങ്ങിയതാണ്. പലതും പാതിവഴിക്ക് നിലച്ചു. തൊഴില്‍ജന്യരോഗങ്ങളെപ്പറ്റി പഠിക്കുന്ന നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓക്യുപേഷനല്‍ ഹെല്‍ത്ത് 2001ല്‍ നടത്തിയ പഠനത്തിന്റെ ഫലം പുറത്തുവന്നില്ല. എന്നാല്‍, എന്‍ഡോസള്‍ഫാന്‍ തളിച്ച സ്ഥലങ്ങളില്‍ പ്രത്യുല്‍പാദനപരവും നാഡീസംബന്ധിയുമായ രോഗങ്ങള്‍, ജന്മവൈകല്യങ്ങള്‍, അര്‍ബുദം, ബുദ്ധിമാന്ദ്യം തുടങ്ങിയവ ഉണ്ടാകുന്നു എന്ന് വിദേശങ്ങളിലെയും ഇന്ത്യയിലെയും പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് തള്ളിയാണ് ഒരിക്കല്‍ സര്‍ക്കാര്‍ സമിതി എന്‍ഡോസള്‍ഫാനെ ‘കുറ്റമുക്ത’മാക്കിയത്. അമേരിക്കയിലും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലും മറ്റനേകം സ്ഥലങ്ങളിലും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത് പഠനങ്ങളെ അടിസ്ഥാനമാക്കിത്തന്നെയാണ്.
ഏതു പഠനത്തെയും അപ്രസക്തമാക്കാന്‍ പോന്ന അനുഭവസാക്ഷ്യമാണ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ കെടുതികള്‍. അതുതന്നെ മതി ഈ പദാര്‍ഥം എന്നെന്നേക്കും നിരോധിക്കാന്‍. ഉല്‍പാദകരുടെ താല്‍പര്യം മാത്രം നോക്കുന്നവര്‍ക്കാണ് ഈ കീടനാശിനി കര്‍ഷകരുടെ ‘ഉറ്റമിത്ര’മായി തോന്നുക. മുമ്പും ഇതുതന്നെയാണ് നടന്നിട്ടുള്ളത്. പുകവലി ആരോഗ്യത്തെ ഹനിക്കുന്നു എന്ന് കണ്ടെത്തിയശേഷം പതിറ്റാണ്ടുകളോളം ഉല്‍പാദകര്‍ അത് നിഷേധിച്ച് പ്രചാരണം നടത്തി. ഡി.ഡി.ടിയും രംഗത്തെത്തിയത് ‘കര്‍ഷകരുടെ ഉറ്റമിത്ര’മെന്ന പേരിലാണ്. അതിന്റെ ദോഷഫലങ്ങള്‍ വ്യക്തമായിട്ടും ഉല്‍പാദകര്‍ കുറേക്കാലം നിഷേധവും ചെറുത്തുനില്‍പുകളുമായി രംഗത്തുണ്ടായിരുന്നു. പക്ഷേ, എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ നമ്മെ ലജ്ജിപ്പിക്കുന്നത്, ആ വിഷം എത്ര ആയിരങ്ങളെ കൊന്നാലും നിരോധം വേണ്ടെന്ന് ശഠിച്ചത് നമ്മുടെ രാജ്യമാണ് എന്നതാണ്. സ്വന്തം ജനങ്ങളെയടക്കം ദുരിതങ്ങള്‍ക്ക് വിട്ടുകൊടുത്തിട്ടായാലും സര്‍ക്കാര്‍ കമ്പനികളുടെ ലാഭം കുറഞ്ഞുപോകരുതെന്നാണ് ഈ നിലപാടിന്റെ അര്‍ഥം. പ്രതിവര്‍ഷം 4500 ടണ്‍ എന്‍ഡോസള്‍ഫാനാണ് ഇന്ത്യക്കുള്ളില്‍ വിറ്റഴിക്കുന്നത്; 4000 ടണ്‍ കയറ്റുമതി ചെയ്യുന്നു. ജനതാല്‍പര്യമോ അതോ കമ്പനിതാല്‍പര്യമോ സര്‍ക്കാര്‍ സംരക്ഷിക്കേണ്ടത്, ഇന്ത്യ ജനാധിപത്യരാജ്യമോ അതോ കോര്‍പറേറ്റ് ആധിപത്യരാജ്യമോ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. ഇതിന്റെ ഉത്തരമാണ്, അതിനനുസരിച്ച പ്രവര്‍ത്തനമാണ് ഉടനെ വേണ്ടത്- പുതിയ പഠനങ്ങളല്ല
article taken from http://kasargodnews.com/
No comments:
Post a Comment