Wednesday, August 31, 2011

നിബന്ധനയില്ലാത്ത വിദേശവായ്പയാവാം സിപിഐഎം



കണ്ണൂര്‍ : സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്കെതിരായ പോരാട്ടം ദുര്‍ബലപ്പെടുത്തില്ലെന്ന് ഉറപ്പുവരുത്തി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം സ്വീകരിക്കാമെന്നതാണ് സി പി ഐ എം നിലപാടെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദേശ മൂലധനം ഒരു കാരണവശാലും പാടില്ല എന്ന നിലപാടില്ല; വരുന്നതെല്ലാം പോരട്ടേ എന്നുമില്ല. അടിസ്ഥാന താല്‍പര്യങ്ങളും നയങ്ങളും ബലികൊടുക്കില്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കാനും വായ്പ എടുക്കുന്നതിനുള്ള ന്യായീകരണങ്ങള്‍ അവരെ ബോധ്യപ്പെടുത്താനും കഴിയണം. സി പി ഐ എം പങ്കാളിത്തമുള്ള ഗവര്‍മെണ്ടുകള്‍ എങ്ങനെ നീങ്ങണമെന്നതിന് പാര്‍ടി കോണ്‍ഗ്രസ് തന്നെ നയപരമായ പ്രശ്നങ്ങള്‍ എന്ന രേഖ അംഗീകരിച്ചിട്ടുണ്ട്്. ആധുനിക സാങ്കേതിക വിദ്യ സ്വായത്തമാക്കാനും ഉല്‍പാദന ശേഷിയും ക്ഷമതയും വര്‍ധിപ്പിക്കാനും ചില മേഖലകളില്‍ വിദേശ പ്രത്യക്ഷ നിക്ഷേപം സ്വീകരിക്കും. സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും വായ്പ സ്വീകരിക്കും. ഫിനാന്‍സ് മൂലധനത്തിന്റെ ഒഴുക്ക് നിയന്ത്രിക്കും. എന്നാല്‍ ചില പ്രത്യേക മേഖലകളില്‍ ഒരു കാരണവശാലും വിദേശ സഹായം സ്വീകരിക്കില്ല. രാഷട്രീയ സാമ്പത്തിക പരമാധികാരത്തെ ബാധിക്കുന്ന മേഖലകള്‍ , കാര്‍ഷികം, ഭൂവിനിയോഗ നിയന്ത്രണം, വ്യാപാര നിയന്ത്രണം, രാസവളം, വിത്ത് തുടങ്ങിയവ ഇതില്‍പെടും. സി പി ഐ എം വിപ്ലവാനന്തരം വിഭാവനം ചെയ്യുന്ന ജനകീയ ജനാധിപത്യ ഗവര്‍മെണ്ടിന്റെ നയം സംബന്ധിച്ച് ഇക്കാര്യങ്ങള്‍ പാര്‍ടിപരിപാടിയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് സി പി ഐ എം പങ്കാളിത്തമുള്ള ഗവര്‍മെണ്ടുകളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവര്‍ സ്വാഭാവികമായും കരുതും. സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നവ ലിബറല്‍ സാമ്പത്തിക നയങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ ചെറുക്കുക, പല രീതികളിലുള്ള സാമ്രാജ്യത്വ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതിരിക്കുക, ഇതാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതികള്‍ക്ക് ഫണ്ട് ഇല്ലാതെ ഗവര്‍മെണ്ടുകള്‍ വിഷമിക്കാറുണ്ട്്. അത്തരം സാഹചര്യങ്ങളില്‍ വിദേശസഹായം സ്വീകരിക്കാം എന്നു തന്നെയാണ് സി പി ഐ എം നിലപാട്. ഒപ്പം വ്യക്തമായ മാനദണ്ഡങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാന താല്‍പര്യങ്ങള്‍ക്കും നയങ്ങള്‍ക്കും വിരുദ്ധമായ യാതൊരു നിബന്ധനകളും വായ്പയുമായി ബന്ധപ്പെട്ട് അംഗീകരിക്കാനാവില്ല. ഘടനാപരമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന പദ്ധതികള്‍ ഉള്‍കൊള്ളുന്ന വായ്പയും വാങ്ങരുത്. ചില പദ്ധതികള്‍ സ്വകാര്യവല്‍ക്കരണം, ജീവനക്കാരെ വെട്ടിക്കുറക്കല്‍ , സബ്സിഡി വെട്ടിക്കുറക്കല്‍ , ധനപരമായ നിബന്ധനകള്‍ തുടങ്ങിയ ഉള്‍കൊള്ളുന്നതായിരിക്കും. അത്തരം കാര്യങ്ങള്‍ അംഗീകരിക്കില്ല. സാമ്രാജ്യത്വ ഏജന്‍സികളും പാശ്ചാത്യ ധനസ്ഥാപനങ്ങളും ഗവര്‍മെണ്ടുകള്‍ക്ക് പലപ്പോഴും വായ്പ വാഗ്ദാനം ചെയ്യാറുണ്ട്. ഞെട്ടിപ്പിക്കുന്ന നിബന്ധനകളാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. ഗ്രീസില്‍ സാമ്പത്തിക തകര്‍ച്ചയും തൊഴിലില്ലായ്മയും നേരിടാന്‍ ഐഎംഎഫ് 11000 കോടി യൂറോ വായ്പ നല്‍കി. 1400 കോടി യൂറോയുടെ ചെലവുചുരുക്കല്‍ , 1400 കോടിയുടെ പുതിയ നികുതി, 5000 കോടിയുടെ സ്റ്റേറ്റ് ആസ്തി വിറ്റഴിക്കല്‍ തുടങ്ങിയ നിബന്ധനകള്‍ അംഗീകരിച്ചാണ് ഗ്രീസ് വായ്പ എടുത്തത്. ഇത്തരം നിബന്ധനകള്‍ക്ക് സിപിഐ എം പങ്കാളിത്തമുള്ള ഗവര്‍മെണ്ടുകള്‍ വഴങ്ങില്ലെന്ന് പിണറായി വ്യക്തമാക്കി. 

No comments:

Post a Comment