തിരുവല്ല: "1948ല്‍ എസ്ബി കോളേജില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഗ്രൗണ്ടിന് സമീപമുള്ള മരത്തണലില്‍ ഒരു സൃഹൃത്ത് പുസ്തകം വായിക്കുന്നു. അങ്ങോട്ടേക്ക് ചെന്നപ്പോള്‍ പെട്ടെന്ന് പുസ്തകംമാറ്റി. അസഹിഷ്ണുത തോന്നിയ ഞാന്‍ അത് ബലമായി പിടിച്ചുവാങ്ങി. പുറത്ത് പറയരുതെന്ന് പറഞ്ഞ് എന്നോട് കേണപേക്ഷിച്ചു. ഇല്ലെന്ന് പറഞ്ഞ് ആ പുസ്തകം വാങ്ങി എന്റെ ബുക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചു. വീട്ടിലെത്തി അതു തുറന്ന് നോക്കി. പുറംതാളില്‍ ഒരു സ്ത്രീ ഉയര്‍ത്തിപിടിച്ച അരിവാളിന്റെയും പുരുഷന്‍ ഉയര്‍ത്തിപ്പിടിച്ച ചുറ്റികയുടെയും ചിത്രം. നിരോധിക്കപ്പെട്ട പുസ്തകമായിരുന്നു അത്. മാര്‍ക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങളായിരുന്നു അതില്‍ . ഇഎംഎസ്, രണദിവെ, സുന്ദരയ്യ എന്നിവരുടെ ലേഖനങ്ങള്‍ . അതില്‍ ഇഎംഎസ് എഴുതിയ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം ഒരു കടത്തുവഞ്ചി എന്ന ലേഖനം എന്നെ ചിന്തിപ്പിച്ചു. ഒരു പുതിയ ചിന്താമണ്ഡലത്തിലേക്കെന്റെ വഴിതുറന്നത് ഈ ലേഖനമാണ്...." ഞാനങ്ങനെ കമ്മ്യുണിസ്റ്റായി. വെണ്‍പാലയുടെ ഓര്‍മ്മകുറിപ്പുകളിലാണ് ഈ പരാമര്‍ശം. ചെറുപ്പത്തില്‍ ഈശ്വര ഭക്തനായിരുന്ന ഞാന്‍ മാര്‍ക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ വായിച്ചതോടെ അതുവരെ പുലര്‍ത്തിപോന്ന ചിന്തകളുടെ എതിര്‍ ദിശയിലേക്ക് യാത്ര തുടങ്ങി... പിന്നെ പാര്‍ടിപ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ തുടങ്ങി. ആ യാത്രയില്‍ എന്നും തൊഴിലാളികള്‍ക്കും ദരിദ്രര്‍ക്കുമൊപ്പം ചേര്‍ന്ന് മധ്യതിരുവിതാംകൂറില്‍ പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ വ്യാപൃതനായി. വിദ്യാര്‍ഥി-യുവജന സംഘടനാ പ്രവര്‍ത്തകനായും അധ്യാപകനായും സേവനം അനുഷ്ടിക്കുമ്പോള്‍ നിരവധി തവണ പൊലീസ് മര്‍ദ്ദനത്തിനും ജയില്‍ വാസത്തിനും ഇരയായി. 1952ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി അംഗമായി. പാര്‍ടിയുടെ വെണ്‍പാല സെല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ആ വര്‍ഷം തന്നെ തിരുവല്ല ടൗണ്‍ മേഖലാ ഓര്‍ഗനൈസറായി. 53ല്‍ ടൗണ്‍ എല്‍ഒസി സെക്രട്ടറിയായി. 55ല്‍ തിരുവല്ല താലൂക്ക് കമ്മറ്റി അംഗമായി. പാര്‍ടി പിളര്‍പ്പിന് ശേഷം സിപിഐ എം തിരുവല്ല താലൂക്ക് കമ്മറ്റി അംഗമായിരുന്ന വെണ്‍പാല 1981ല്‍ തിരുവല്ല താലൂക്ക് സെക്രട്ടറിയായി. ആലപ്പുഴ ജില്ലാ കമ്മറ്റി അംഗമായിരുന്നു. 1982ല്‍ പത്തനംതിട്ട ജില്ലാ കമ്മറ്റി രൂപീകരിച്ചപ്പോള്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റ് അംഗമായി. 85ല്‍ സംസ്ഥാന കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തു. 1993 വരെ സംസ്ഥാന കമ്മറ്റി അംഗവും 1997 വരെ പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗവുമായിരുന്നു. 6 പാര്‍ടി കോണ്‍ഗ്രസുകളില്‍ പങ്കെടുത്തു. 1979 മുതല്‍ 95 വരെ രണ്ടു തവണ കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും സേവനം അനുഷ്ടിച്ചു. സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം, കുറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ സംസ്ഥാന എക്സിക്യുട്ടീവ് അംഗം, റൂറല്‍ എംപ്ലോയ്മെന്റ് എക്സിക്യുട്ടീവ് കമ്മിറ്റിയംഗം, മധ്യതിരുവിതാംകൂര്‍ കരിമ്പ് കര്‍ഷക സംഘം സ്ഥാപക സെക്രട്ടറി, കെപിടിയു ആലപ്പുഴ ജില്ലാ സെക്രട്ടറി, കെഎസ്വൈഎഫ് തിരുവല്ല താലൂക്ക് സെക്രട്ടറി, എഫ്എസ്ഇടിഒ ആദ്യ താലൂക്ക് പ്രസിഡന്റ്, ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ താലൂക്ക് സെക്രട്ടറി, ലോക സമാധാന കമ്മിറ്റിയുടെ ആദ്യ താലൂക്ക് സെക്രട്ടറി, ചെത്തുതൊഴിലാളി യൂണിയന്‍ തിരുവല്ല താലൂക്ക് സെക്രട്ടറി, എന്‍എംആര്‍ യൂണിയന്‍ താലൂക്ക് സെക്രട്ടറി, നെയ്ത്ത് തൊഴിലാളി യൂണിയന്‍ ആദ്യ താലൂക്ക് പ്രസിഡന്റ്, മദ്യ വ്യവസായ തൊഴിലാളി യൂണിയന്‍ ആദ്യ താലൂക്ക് പ്രസിഡന്റ്, പിആര്‍എഫ് ഫാം വര്‍ക്കേഴ്സ് യൂണിയന്‍ പ്രസിഡന്റ,് തിരുവല്ല ഗുവേര തീയറ്റേഴ്സ് പ്രസിഡന്റ്, കുറ്റൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ പിടിഎ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1973ല്‍ അധ്യാപക സമരത്തില്‍ പങ്കെടുത്തതിന് മാവേലിക്കര ജയിലിലും, 74ല്‍ റെയില്‍വേ സമരത്തില്‍ പങ്കെടുത്തതിന് പത്തനംതിട്ട സബ്ജയിലിലും, 76ല്‍ അടിയന്തരാവസ്ഥ സമയത്ത് മാവേലിക്കര സബ്ജയിലിലുമായി മൂന്നു തവണ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.
No comments:
Post a Comment