മുല്ലപ്പെരിയാര്‍ പ്രശ്നം
കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനു തന്നെ ഭീഷണിയായിത്തീര്‍ന്നിരിക്കുന്ന മുല്ലപ്പെരിയാര്‍ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് നിയമസഭ അടിയന്തരമായി വിളിച്ചുചേര്‍ക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
115 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന്റെ ഉറപ്പിനെ സംബന്ധിച്ച് വലിയതോതിലുള്ള ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. ഇതു സംബന്ധിച്ച് പഠനം നടത്തിയ നിരവധി ഏജന്‍സികളും ഇക്കാര്യം ശരിവയ്ക്കുകയും ചെയ്യുന്നുണ്ട്. ഈ മേഖലയില്‍ നിരവധി തവണ ഭൂകമ്പം ഉണ്ടായി എന്നത് ഇതിന്റെ ഗൌരവം ഏറെ വര്‍ദ്ധിപ്പിക്കുന്നു. ശക്തമായ ഭൂചലനം മുല്ലപ്പെരിയാറിന്റെ തകര്‍ച്ചയിലേക്കും അതുവഴി ജനലക്ഷങ്ങളുടെ ജീവന്‍ തന്നെ അപകടപ്പെടുത്തുമെന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ഓര്‍ക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കേണ്ട മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാന്‍ പോലും ഇതുവരെ തയ്യാറായിട്ടില്ല. മാത്രമല്ല, ജനങ്ങള്‍ ആകമാനം ആശങ്കയില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ അത് പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിനു പകരം സംസ്ഥാന ഫിലിം അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായി എന്നത് അങ്ങേയറ്റം അപലപനീയമാണ്.
രണ്ട് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന പ്രശ്നം എന്ന നിലയില്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണേണ്ട പ്രധാനമന്ത്രി അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയെക്കൊണ്ട് ഇടപെടുവിക്കുന്നതിന് ആവശ്യമായ രാഷ്ട്രീയ സമ്മര്‍ദ്ദനം ചെലുത്തുന്നതിലും തികഞ്ഞ അലംഭാവമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കനത്ത മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത് ജനങ്ങളുടെ ആശങ്ക ഉയര്‍ത്തുന്നതിന് ഇടയാക്കിയിട്ടുണ്ട്. അതുകൊണ്ട് അടിയന്തരമായി ഡാമിലെ ജലനിരപ്പ് 120 അടിയാക്കി മാറ്റുന്നതിന് തയ്യാറാവേണ്ടതുണ്ട്.
ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം പുതിയ ഡാം നിര്‍മ്മിക്കുക എന്നതു മാത്രമാണ്. ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ആ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തേണ്ടതുണ്ട്. ഈ മേഖലയില്‍ എന്തെങ്കിലും ദുരന്തമുണ്ടായാല്‍ അത് കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്ന കാര്യത്തിലും തികഞ്ഞ ശുഷ്കാന്തി എല്‍.ഡി.എഫ് സര്‍ക്കാര്‍ കാണിച്ചിരുന്നു. എന്നാല്‍, ദുരന്ത നിവാരണത്തിനായുള്ള ഇത്തരം നടപടിക്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്നത് അങ്ങേയറ്റം അപലപനീയമാണ്. ഇക്കാര്യത്തില്‍ മന്ത്രിമാരുടെ വൈകാരിക പ്രകടനമല്ല, ക്രിയാത്മകമായ നടപടികളാണ് ഉണ്ടാവേണ്ടത്.
മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും തമിഴ്നാടിന് ജലവും ലഭിക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടാവേണ്ടത്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് തമിഴ്നാടിന് ഇന്ന് നല്‍കുന്ന അളവില്‍ ജലം നല്‍കുന്നതിന് കേരളത്തിലാരും എതിരുണ്ടാകുമെന്ന് തോന്നുന്നില്ല. ഈ നിലപാടില്‍ നിന്നുകൊണ്ടുള്ള നടപടിക്രമങ്ങള്‍ മുന്നോട്ടുനീക്കുന്നതിന് നിയമസഭയുടെ അടിയന്തര സമ്മേളനം ചേര്‍ന്ന് അതിനുള്ള നടപടിക്രമം നീക്കുക എന്നത് മര്‍മ്മപ്രധാനമായ കാര്യമാണ്. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അലംഭാവം ഒരിക്കലും തിരുത്താനാവാത്ത തെറ്റിലേക്കു നയിക്കും. മനുഷ്യജീവന്‍ കൊണ്ട് പന്താടുന്ന തരത്തിലുളള അലംഭാവം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉപേക്ഷിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
No comments:
Post a Comment