Wednesday, November 16, 2011

ഡിവൈഎഫ്ഐ അതിജീവനം പദ്ധതി തുടങ്ങി


കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ കീടനാശിനി വിഷമഴയായി പെയ്തിറങ്ങിയ കാസര്‍കോട്ടെ ദുരിതബാധിതര്‍ക്ക് സാന്ത്വനത്തിന്റെ സഹായഹസ്തമായി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന "അതിജീവനം" പദ്ധതിക്ക് തുടക്കമായി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് പദ്ധതി പ്രഖ്യാപനവും സഹായവിതരണവും ഉദ്ഘാടനം ചെയ്തത്. കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുള്ള മിലന്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് അധ്യക്ഷനായി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാന്‍ ഡിവൈഎഫ്ഐ നടത്തിയ ഫണ്ട് ശേഖരണത്തിലൂടെ 87,26,804 രൂപയാണ് ലഭിച്ചത്. ഇതില്‍ 2.5 ലക്ഷം വീതം ചെലവിട്ട് 15 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കും. ദുരിതബാധിത കുടുംബങ്ങള്‍ക്ക് വീട് പണിയുന്നതിനുള്ള രേഖകള്‍ പിണറായി കൈമാറി. സുശീല ബാവിക്കര മുളിയാര്‍ , ഫാത്തിമത്ത് സര്‍ഫാന ബെഞ്ച്കോടതി മുളിയാര്‍ , അബ്ദുള്‍ ഇര്‍ഷാദ് കൈത്തോട് ആദൂര്‍ , രാമ കുട്ടത്ത്ബയല്‍ കുണ്ടാര്‍ , മുഹമ്മദ് നസീര്‍ ചക്കുടല്‍ കുമ്പഡാജെ, ദേവകി കല്ലേരിമൂല ബെള്ളൂര്‍ , ആയിസുമ്മ ബേരിക്ക കക്കബെട്ടു, ഷീലാവതി ബസക്കാരെമൂലെ ഏത്തടുക്ക, പുരുഷോത്തമ പൂജാരി ബജകൂടലു പെര്‍ള, ജിഷ്ണു ചന്ദ്രന്‍ മാട്ടകുന്ന് പനത്തടി, അരുണ്‍ അമ്പലത്തറ ആനന്ദാശ്രമം, ബിബിന്‍ ചാക്കോ നാരാമംഗലത്ത് കള്ളാര്‍ , ശാരദ തണ്ണോട്ട് രാവണീശ്വരം, നമിത മാടത്തടുക്ക പെര്‍ഡാല, കെ പി രഞ്ജിത്ത് ചീമേനി പെട്ടിക്കുണ്ട് എന്നിവര്‍ക്കാണ് വീട് നിര്‍മിച്ചുനല്‍കുന്നത്. ദുരിതബാധിതരായ നിര്‍ധന കുടംബങ്ങളിലെ 50 വിദ്യാര്‍ഥികള്‍ക്ക് അരലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ് രേഖകളും പിണറായി കൈമാറി. വിദ്യാര്‍ഥികളുടെ പേരില്‍ നിക്ഷേപിച്ച തുകയുടെ പലിശ വര്‍ഷന്തോറും സ്കോളര്‍ഷിപ്പായി ലഭിക്കും. പത്ത് വര്‍ഷം കഴിഞ്ഞ് നിക്ഷേപതുക വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. ദുരിതബാധിതരെ ചികിത്സക്ക് സഹായിക്കാന്‍ സൗജന്യമായി ഏര്‍പ്പെടുത്തിയ ആംബുലന്‍സിന്റെ താക്കോല്‍ പിണറായി ജില്ലാ സഹകരണ ആശുപത്രി ഡയറക്ടര്‍ എ ചന്ദ്രശേഖരന്‍ , ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് മധു മുദിയക്കാല്‍ , സെക്രട്ടറി സിജി മാത്യു എന്നിവര്‍ക്ക് കൈമാറി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെയും ജില്ലാ സഹകരണ ആശുപത്രിയുടെയും ചുമതലയിലായിരിക്കും ആംബുലന്‍സ്. എന്‍ഡോസള്‍ഫാന്‍ പ്രയോഗത്താല്‍ മാരക രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്കായി എട്ടുലക്ഷം രൂപയുടെ ചികിത്സാനിധിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങില്‍ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, ശ്രീപഡ്രെ, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം വി സുമേഷ്, പ്രസ്ക്ലബ് പ്രസിഡന്റ് കെ വിനോദ്ചന്ദ്രന്‍ , നാരായണന്‍ പേരിയ എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് സ്വാഗതവും ജില്ലാ പ്രസിഡന്റ് മധു മുദിയക്കാല്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment