തിരു: പൂര്‍ണ മന്ത്രിസഭ അധികാരമേല്‍ക്കും മുമ്പ് അഴിമതിക്കെതിരെ സമരം നേരിടേണ്ടി വന്ന ആദ്യ മുഖ്യമന്ത്രിയെന്ന ബഹുമതി ഉമ്മന്‍ചാണ്ടിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരു സര്‍ക്കാരും ചെയ്യാന്‍ പാടില്ലാത്ത അധാര്‍മിക നടപടികളാണ് ഈ സര്‍ക്കാരിന്റേത്. നിയമവാഴ്ചയോടുള്ള ഈ വെല്ലുവിളിക്ക് നേതൃത്വം കൊടുക്കുന്നത് മുഖ്യമന്ത്രി തന്നെയാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകതയെന്നും പിണറായി പറഞ്ഞു. നിയുക്ത മന്ത്രി അടൂര്‍ പ്രകാശിനെതിരായ വിജിലന്‍സ് കേസ് അട്ടിമറിക്കാനായി പുനരന്വേഷ്വണത്തിന് ഉത്തരവിട്ടതില്‍ പ്രതിഷേധിച്ച് വിജിലന്‍സ് ഡയറക്ടറേറ്റിലേക്ക് ഡിവൈഎഫ്ഐ സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. അടൂര്‍ പ്രകാശിനെതിരായ കേസ് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണെന്ന് അദ്ദേഹം പോലും അവകാശപ്പെടില്ല. പ്രകാശിന്റെ അടുത്ത സഹപ്രവര്‍ത്തകനും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന എന്‍ കെ അബ്ദുറഹ്മാന്‍ തന്നെയാണ് പരാതി ഉന്നയിച്ചത്. റേഷന്‍ മൊത്തവ്യാപാര ഡിപ്പോ അനുവദിക്കുന്നതില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതിയാണ് നടത്തിയതെന്ന് അബ്ദുറഹ്മാന്റെ വെളിപ്പെടുത്തലോടെയാണ് വ്യക്തമായത്. ടൈറ്റാനിയം സ്പോഞ്ച് കേസില്‍ 256 കോടി രൂപയുടെ അഴിമതി നടത്താന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നിര്‍ബന്ധിച്ചെന്നു പറഞ്ഞതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കെ രാമചന്ദ്രനെ കോണ്‍ഗ്രസില്‍ നിന്ന് അടുത്തിടെ പുറത്താക്കിയതുപോലെ അന്ന് എന്‍ കെ അബ്ദുറഹ്മാനെയും പുറത്താക്കിയിരുന്നു. കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന് അബ്ദുറഹ്മാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അതിന് കോണ്‍ഗ്രസ് നേതൃത്വം വച്ച ഉപാധിയാണ് അടൂര്‍ പ്രകാശിനെതിരായ ആക്ഷേപം പിന്‍വലിക്കണമെന്നത്. അബ്ദുറഹ്മാന്‍ അങ്ങനെയെടുത്ത ഒരു നിലപാടിന്റെ പേരില്‍ , അന്ന് വിജിലന്‍സിനു ലഭിച്ച നിയമോപദേശം ഒരുതരത്തിലും പുനരന്വേഷണം ആവശ്യമില്ലെന്നാണ്. ഇപ്പോള്‍ പുനരന്വേഷണം എങ്ങനെ വന്നു. അത് അടൂര്‍ പ്രകാശിനെ മന്ത്രിയാക്കാന്‍ എടുത്ത നടപടി മാത്രമാണ്. അതിന് വിജിലന്‍സ് ഡയറക്ടറില്‍ സമ്മര്‍ദം ചെലുത്തി. ഇങ്ങനെയൊരു അധഃപതനം വേണമോ എന്ന് വിജിലന്‍സ് ഡയറക്ടര്‍ ആലോചിക്കണമായിരുന്നു. ഇത്തരം വഴിവിട്ട നടപടികള്‍ക്കെതിരെ കടുത്ത ജാഗ്രത പുലര്‍ത്തണം. കൂടുതല്‍ ശക്തമായ പ്രക്ഷോഭം ആവശ്യമെങ്കില്‍ അതിനു തയ്യാറെടുക്കാനും പിണറായി ആഹ്വാനം ചെയ്തു.
No comments:
Post a Comment