Sunday, May 1, 2011

എച്ച്ഐഎല്ലിലേക്ക് 4ന് യുവജനമാര്‍ച്ച്


കണ്ണൂര്‍ : ആഗോള നിരോധനം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡ് (എച്ച്ഐഎല്‍) എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നാലിന് ഏലൂരിലെ എച്ച്ഐഎല്ലിലേക്ക് മാര്‍ച്ച് നടത്തും. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സയും രോഗബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസവും ഏറ്റെടുക്കുന്നതിന്് 8,9 തിയതികളില്‍ ഡിവൈഎഫ്ഐ സഹായനിധി സമാഹരിക്കുമെന്നും സംസ്ഥാനസെക്രട്ടറി ടി വി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടുദിവസം സംസ്ഥാന വ്യാപകമായി യുവജന സ്ക്വാഡുകള്‍ ഗൃഹസന്ദര്‍ശനം നടത്തി ഹുണ്ടികപ്പിരിവ് നടത്തും. സ്റ്റോക്ഹോം കണ്‍വന്‍ഷന്‍ ചേരുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരെ ചരടുവലി നടത്തിയ കേന്ദ്രസര്‍ക്കാര്‍ നിരുപാധികം മാപ്പുപറയണം. ഒരു രാഷ്ട്രീയ പാര്‍ടിയും നിരോധനത്തെ എതിര്‍ക്കാതിരുന്നിട്ടും ജനവികാരം മാനിക്കാത്ത കേരളത്തിലെ കേന്ദ്രമന്ത്രിമാരും തെറ്റ് ഏറ്റുപറയണം. ഇളവുകള്‍ക്കായല്ല, സമ്പൂര്‍ണ നിരോധനത്തിനാണ് ഇന്ത്യ നിലപാട് എടുക്കേണ്ടത്. നിരോധന വ്യവസ്ഥകളില്‍ വെള്ളംചേര്‍ക്കാനുള്ള ശ്രമം ഇനിയുമുണ്ടാകും. അതുകൊണ്ട് അടിയന്തര പ്രാധാന്യത്തോടെ നിരോധനം പ്രാബല്യത്തില്‍ കൊണ്ടുവരണം. എന്‍ഡോസള്‍ഫാനെതിരായ പൊതുതാല്‍പര്യഹര്‍ജിയില്‍ കക്ഷിചേരാനുള്ള യൂത്ത്കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ തീരുമാനം വൈകിയുദിച്ച വിവേകമാണെങ്കിലും സ്വാഗതാര്‍ഹമാണ്. നിരോധനം പൂര്‍ണമാകുന്നതുവരെ ഡിവൈഎഫ്ഐ നിയമ പോരാട്ടം തുടരും. എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരില്‍നിന്നും പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള കുറ്റക്കാരില്‍നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന ആവശ്യത്തിനാണ് ഇനി ഊന്നല്‍ നല്‍കുക. ദുരിതബാധിതര്‍ക്ക് പെന്‍ഷന്‍ , ചികിത്സ തുടങ്ങിയവയില്‍ സമഗ്ര പാക്കേജ് ഉണ്ടാകണം. കാസര്‍കോട് ഇവര്‍ക്ക് പ്രത്യേക ആശുപത്രിയും സ്കൂളും ആരംഭിക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റി അംഗം എ എന്‍ ഷംസീറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

No comments:

Post a Comment