Thursday, April 21, 2011

BAN ENDOSULAFN



209276_210345472324084_100000458988305_733440_1032620_o(2).jpg
ദുരന്തത്തിന്റെ ദൂരയാത്രകള്‍

കശുമാവിന്‍തോട്ടങ്ങളും ഇടയ്ക്കുള്ള വീടുകളും വിജനമായ പാറനപ്രദേശങ്ങളും കടന്ന് നീങ്ങവെയാണ് മുഹമ്മദ് റഫീഖിനെ (12) കാണുന്നത്. ക്രച്ചസില്‍ നടക്കുന്ന റഫീഖിന്റെ വീട് തൊട്ടടുത്താണ്.
റഫീഖിന്റെ കഥ ഇങ്ങനെ: ചെങ്ങളായി പഞ്ചായത്തിലെ പുണ്ടൂര്‍കോടിമൂല ഒരു പ്ലാന്റേഷന്‍ ഏരിയയാണ്. ഉമ്മ ഫാത്തിമത്ത് സുഹറ. ഉപ്പ കൂലിപ്പണിക്കാരനായ മൊയ്തീന്‍. മൊയ്തീന്റെ വീടാണ് പുണ്ടൂര്‍കോടിമൂലയിലുള്ളത്.
അഞ്ചാംക്ലാസു മുതലാണ് റഫീഖിന് കാലുവേദന തുടങ്ങിയത്. പിന്നീട് വലിഞ്ഞ് നടക്കാന്‍ തുടങ്ങി. കുറേക്കാലം ആശുപത്രിയില്‍ കിടന്നു. കാസര്‍കോട് ഡോ. രാജയുടെ കീഴില്‍ ഒരു ശസ്ത്രക്രിയയും കഴിഞ്ഞു. രോഗം എന്താണെന്നു മാത്രം വ്യക്തമായില്ല. ഒരു വര്‍ഷമായി കുട്ടി സ്‌കൂളില്‍ പോകുന്നില്ല.
വിഷംതീണ്ടിയ ഗ്രാമങ്ങളിലൂടെയുള്ള യാത്രകളില്‍ എത്രയോ നിഷ്‌കളങ്കരായ മനുഷ്യരെ കണ്ടുമുട്ടുന്നു. അവര്‍ കടന്നുപോകുന്ന ദുരന്തത്തെക്കുറിച്ചറിവില്ലാത്ത പാവങ്ങള്‍. ഈ യാത്രയില്‍ അത്തരക്കാരുടെ പട്ടികയിലേക്ക് കുറിച്ചിടാന്‍ ഒരു ബാലന്റെ പേരുകൂടി.'
220810_210345495657415_100000458988305_733441_4763543_o.jpg
മുതലപ്പാറയിലെ ജീവിതം

ബോവിക്കാനത്തുള്ള മുതലപ്പാറ എസ്.ഇ.എസ്.ടി. കോളനിയിലാണ് സുജാതയുടെ വീട്. ജയന്തിയുടെ നാലു മക്കളില്‍ മൂത്തവള്‍. എഴുന്നേറ്റ് നില്ക്കാനോ നടക്കാനോ വയ്യ. കൂലിപ്പണി ചെയ്താണ് കുടുംബം പുലരുന്നത്.
ഏക്കറുകളോളം പരന്നുകിടക്കുന്ന കുന്നിന്‍പുറമാണ് മുതലപ്പാറ. കണ്ണെത്താദൂരം പരന്നുകിടക്കുന്ന മഞ്ഞപ്പുല്ലുകൊണ്ട് മൂടിയ പാറപ്രദേശം. പട്ടികജാതിയില്‍പ്പെടുന്ന മൊകേരറാണ് കോളനിയിലെ അന്തേവാസികള്‍. കോളനി സ്ഥാപിച്ചിട്ട് 75 വര്‍ഷമായി. അത്രതന്നെ പ്രായമുണ്ട് കോളനിയിലെ പൊതുകിണറിനും.
''മരുന്നു തളിക്കുന്ന സമയത്ത് ഓലകൊണ്ട് മൂടിവെക്കും. എന്നിട്ട് എന്ത് കാര്യം?'' സുജാതയെ നോക്കി ഇളയച്ഛന്‍ ഐത്തപ്പന്‍ പറയുന്നു.
സുജാതയ്ക്ക് സര്‍ക്കാറില്‍നിന്ന് ആകെ കിട്ടുന്നത് വികലാംഗ പെന്‍ഷന്‍ മാത്രം.'
218743_210345382324093_100000458988305_733435_4155847_o.jpg

പൂത്തുമ്പി

മുഹമ്മദ് ഫായിസിന്റെ വീട്ടിനു മുന്നിലെ റോഡ് മുറിച്ചുകടന്നാല്‍ മുത്താടുക്കം അങ്കണവാടിയായി. അങ്കണവാടിയില്‍ പാറിനടക്കുന്ന പൂമ്പാറ്റകള്‍ക്കിടയില്‍ ആരെയും ആകര്‍ഷിക്കുന്ന ഓമനത്തമുള്ള മുഖമാണ് ഷഹാനയുടേത്. പഠനം അങ്കണവാടിയിലാണെങ്കിലും വയസ്സ് 8 ആയി. ശരീരത്തിന് ഒരു കൊച്ചുകുഞ്ഞിന്റെ പ്രകൃതം. എന്തു ചോദിച്ചാലും ഉത്തരം കുസൃതിയുള്ള ചിരി മാത്രം. കൂടുതല്‍ ചോദിച്ചാല്‍ അവള്‍ക്കുമാത്രം അറിയുന്ന ഭാഷയില്‍ മറുപടിതരും. ഫായിസിന്റെ വീടിന്റെ 100 മീറ്റര്‍ ചുറ്റളവിലുള്ള അബ്ദുള്ളയുടെയും ബീബിയുടെയും അഞ്ചു മക്കളില്‍ ഇളയവളാണ് ഷഹാന.
ഷഹാനയെക്കുറിച്ച് അമ്മ പറയുന്നു: ''ഒരു സ്ഥലത്തും ഓള് അടങ്ങിയിരിക്കില്ല. വീട്ടിലെന്തെങ്കിലും വെച്ചാല്‍, മറ്റ് കുട്ടികളുടെ പുസ്തകമോ പെന്‍സിലോ, അവള്‍ക്കിഷ്ടമുള്ളതെന്തും ഒളിപ്പിച്ചുവെക്കും. അല്ലെങ്കില്‍ പുറത്തുകളയും. സ്‌കൂളില്‍ ഉച്ചവരെ അടങ്ങിയിരിക്കും. ഉച്ചയ്ക്കുശേഷം ഇരിക്കില്ല. കുപ്പായമിട്ടുകൊടുത്താല്‍ ഊരിക്കളയും. പ്രാഥമിക കാര്യങ്ങള്‍ക്കുപോലും പരസഹായം വേണം. പറഞ്ഞാല്‍ ഒന്നും അനുസരിക്കില്ല. മറുപടിയുമുണ്ടാകില്ല.'' ബീബി ഭാഗ്യവതിയാണ്. കാരണം ഷഹാന ആകെ വിളിക്കുന്നത് 'ഉമ്മ' എന്നു മാത്രമാണ്. അതിനുപോലും ഭാഗ്യമില്ലാത്ത നിര്‍ഭാഗ്യവതികളായ അമ്മമാരുടെ നാട്ടില്‍ ഭാഗ്യവതി.
ഷഹാനയ്ക്ക് സര്‍ക്കാറില്‍നിന്ന് കിട്ടുന്നത് മാസംതോറുമുള്ള വികലാംഗപെന്‍ഷന്‍ മാത്രം.'
ഷഹാനയുടെ അയല്‍വീട്ടിലെ കുട്ടിയാണ് അബു ഷാമില്‍. ഷഹാനയുടെ കളിക്കൂട്ടുകാരന്‍. ടിപ്പര്‍ലോറി ഡ്രൈവറായ മുഹമ്മദ്കുഞ്ഞിയുടെയും താഹിറയുടെയും രണ്ടു കുട്ടികളില്‍ മൂത്തവന്‍.
ജനിക്കുമ്പോഴേ ഷാമില്‍ ഹൃദ്‌രോഗിയായിരുന്നു. മൂന്നാമത്തെ വയസ്സില്‍ നാട്ടുകാരുടെ സഹായത്തോടെ ലക്ഷങ്ങള്‍ മുടക്കി ഒരു ഓപ്പറേഷന്‍ കഴിഞ്ഞു. മൂന്നുലക്ഷത്തോളം രൂപ ചെലവുവരുന്ന ഒരു ശസ്ത്രക്രിയകൂടി ഷാമിലിനു നടത്തണം. മിടുക്കനായ ഷാമില്‍ അങ്കണവാടിയില്‍ പഠിക്കുന്നു. നടക്കാനും ഓടാനും വിഷമമാണ്. എങ്കിലും ആരെയും മോഹിപ്പിക്കുന്ന പെരിയയിലെ മഞ്ഞപ്പുല്‍വിരിച്ച മൈതാനം അവന്റെ കാലുകള്‍ക്ക് ചിറകുനല്കും. ഷഹാനയുടെ കൂടെ അവനും പാറിനടക്കും. പ്രാര്‍ഥനയോടെ നോക്കിനില്ക്കാനേ നിര്‍ധനരായ ഈ ദമ്പതിമാര്‍ക്ക് പറ്റൂ.
209366_210345415657423_100000458988305_733437_5444705_o.jpg

പാട്ടുവറ്റിയ വാനമ്പാടി

മുളിയില്‍ പഞ്ചായത്തിലെ ബോവിക്കാനത്ത് മല്ലംപള്ളിക്ക് സമീപമുള്ള പ്ലാന്റേഷന്‍ ഏരിയയിലെ പാരമ്പര്യവൈദ്യനായ അബ്ദുള്‍ റഹ്മാന്റെ മൂത്ത മകളാണ് ഫാത്തിമ. അഞ്ചാമത്തെ വയസ്സില്‍ കുട്ടിക്ക് ഒരു പനി വന്നു. കേള്‍വിയും മിണ്ടാട്ടവും ഇല്ലാതായി. കുറേക്കാലം ബോധമില്ലാതെ കിടപ്പിലായിരുന്നു. ഇന്ന് പരസഹായമില്ലാതെ എഴുന്നേറ്റുനില്‍ക്കാനോ പ്രാഥമിക കാര്യങ്ങള്‍ ചെയ്യാനോ വയ്യ. ''ചെറുപ്പത്തില്‍ ചുറുചുറുക്കുള്ള കുട്ടിയായിരുന്നു അവള്‍. നന്നായി പാടും.'' ഉമ്മ ഫാത്തിമ ഓര്‍ക്കുന്നു.
ജുമാനയുടെ ചുണ്ടില്‍ ഇന്ന് പാട്ടില്ല. ഉമിനീരൊഴുകുന്ന വായില്‍നിന്ന് വരുന്നത് ആര്‍ക്കും മനസ്സിലാകാത്ത ചില അപസ്വരങ്ങള്‍.

 എന്‍ഡോ സള്‍ഫാന്‍ വിരുദ്ധ കൂട്ടായ്മയില്‍  നമുക്കും അണിചേരാം ....
https://www.facebook.com/#!/home.php?sk=group_191671714211535&ap=1

No comments:

Post a Comment