Monday, March 18, 2013

വേനല്‍മഴയും വഴിമാറി; ചരിത്രമെഴുതി യുവജനറാലി




കോഴഞ്ചേരി: ഇടമുറിയാത്ത യുവജന പ്രവാഹത്തിന് കോഴഞ്ചേരി സാക്ഷ്യംവഹിച്ചു. ഡിവൈഎഫ്ഐ പന്ത്രാണ്ടാമത് ജില്ലാ സമ്മേളനത്തിന് സമാപനംകുറിച്ച് നടന്ന യുവജന റാലി നഗരത്തിന്റെ ചരിത്രത്തില്‍ പുത്തനദ്ധ്യായം രചിച്ചത്. മതസമാഗമങ്ങള്‍ക്കും ജലോത്സവങ്ങള്‍ക്കുമായി ആയിരങ്ങള്‍ ഒഴുകിയെത്തുന്ന കോഴഞ്ചേരിയില്‍ ഇന്ത്യന്‍ യുവത്വത്തിന്റെ നേരവകാശികള്‍ ശുഭ്രപതാകയുമേന്തി വാദ്യഘോഷങ്ങളുമായി വെള്ളാരക്കടല്‍ തീര്‍ത്തു. ആറന്മുള ഐയ്യന്‍കോയിക്കല്‍ ജങ്ഷനില്‍ നിന്നും തിങ്കളാഴ്ച വൈകിട്ട് ആരംഭിച്ച പതിനായിരകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന യുവജന റാലി ഒരു കിലോമീറ്റര്‍ പിന്നിടും മുമ്പുതന്നെ കോരിച്ചൊരിയുന്ന വേനല്‍ മഴ നിറഞ്ഞാടിയെങ്കിലും ഒരു ശക്തിക്കും തകര്‍ക്കാനാവാത്ത ആവേശവുമായിട്ടാണ് യുവജനങ്ങള്‍ കോഴഞ്ചേരി വണ്ടിപ്പേട്ടയില്‍ ഒരുക്കിയ പി ഗോവിന്ദപിള്ള നഗറിലേക്ക് മാര്‍ച്ച് ചെയ്തത്. ജാഥയെത്തുംമുമ്പുതന്നെ സമ്മേളന നഗരി ജാഥാംഗങ്ങള്‍ക്ക് കടക്കാനാവാത്തവണ്ണം നിറഞ്ഞ് കവിഞ്ഞിരുന്നു. സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ , ജില്ലാ പ്രസിഡന്റ് പി ആര്‍ പ്രദീപ്, സെക്രട്ടറി റോഷന്‍ റോയി മാത്യു, മുന്‍ ജില്ലാ സെക്രട്ടറി ജി കൃഷ്ണകുമാര്‍, ഡിവൈഎഫ്ഐ ജില്ലാ വൈസ്പ്രസിഡന്റുമാരായ സി എന്‍ രാജേഷ്, പി ബി സതീഷ് കുമാര്‍, എ ആര്‍ അജീഷ് കുമാര്‍, ജോയിന്റ് സെക്രട്ടറിമാരായ അഡ്വ. പേരൂര്‍ സുനില്‍, എസ് രാജേഷ്, കെ യു ജനീഷ് കുമാര്‍, ജില്ലാസെക്രട്ടറിയറ്റംഗങ്ങളായ എം വി സന്‍ജു, സി രാഗേഷ്, ഷിജു കുരുവിള, ജിജി ഗോപാല്‍ എന്നിവര്‍ ജാഥയുടെ മുന്‍ നിരയില്‍ അണിനിരന്നത്. ചെണ്ടമേളം, ബാന്‍ഡുമേളം, മുത്തുകുടകള്‍, നിശ്ചല ദൃശ്യങ്ങള്‍ എന്നിവ ജാഥയ്ക്ക് ദൃശ്യ ചാരുത പകര്‍ന്നു. ഛിദ്രശക്തികള്‍ക്കും വര്‍ഗീയ ശക്തികള്‍ക്കുമെതിരെ യുഡിഎഫിന്റെയും കേന്ദ്ര ഗവണ്‍മെന്റിന്റെയും ജനദ്രോഹനടപടികള്‍ക്കെതിരെയുമുള്ള മുദ്രാവാക്യങ്ങളാണ് ജാഥാംഗങ്ങള്‍ ഉയര്‍ത്തിയത്. പൊതുസമ്മേളനം സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി ആര്‍ പ്രദീപ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ , ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് തയ്യാറാക്കിയ മികച്ചലോഗോയ്ക്ക് സമ്മാനം നേടിയ മനോജിന് കാഷ് അവാര്‍ഡ് നല്‍കി. സിപിഐ എം ജില്ലാ സെക്രട്ടറി കെ അനന്തഗോപന്‍, സംസ്ഥാനകമ്മിറ്റിയംഗം ആര്‍ ഉണ്ണികൃഷ്ണപിള്ള, സ്വാഗത സംഘം ചെയര്‍മാന്‍ എ പത്മകുമാര്‍, പ്രഫ ടി കെ ജി. നായര്‍, കെ പി ഉദയഭാനു, ബാബു കോയിക്കലേത്ത്, ആര്‍ സനല്‍കുമാര്‍, കെ എം ഗോപി, എന്‍. സജി കുമാര്‍, ജി. കൃഷ്ണ കുമാര്‍, ജിനു മാത്യു, എസ് രാജീവ്, ആര്‍ അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി റോഷന്‍ റോയി മാത്യു സ്വാഗതവും, സ്വാഗത സംഘം കണ്‍വീനര്‍ പി ബി സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment