Sunday, February 20, 2011

ഇന്‍ഫോപാര്‍ക്ക്: മൂന്ന് വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരം-വി.എസ്.



കൊച്ചി:
അടുത്ത മൂന്ന് വര്‍ഷത്തിനകം കൊച്ചി ഇന്‍ഫോപാര്‍ക്കില്‍  ഒരു
ലക്ഷം  തൊഴിലവസരങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍
പറഞ്ഞു. ഇന്‍ഫോപാര്‍ക്ക് ഒന്നാംഘട്ട വികസനത്തിന്റെ ഭാഗമായി 51 ലക്ഷം
ചതുരശ്രയടി കെട്ടിടങ്ങള്‍ ഈ കാലയളവില്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം
വ്യക്തമാക്കി. കൊച്ചി ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ട വികസനത്തിന്റെ ശിലാസ്ഥാപന
ചടങ്ങ് ഫോണിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
എറണാകുളത്ത്
തന്നെയുണ്ടായിരുന്നെങ്കിലും രക്തസമ്മര്‍ദ്ദം കൂടിയതുകാരണം
മുഖ്യമന്ത്രിക്ക് ഉദ്ഘാടനവേദിയിലേക്ക് എത്താനായില്ല. തുടര്‍ന്നാണ് ഉദ്ഘാടനം
ചെയ്തതായി ഫോണിലൂടെ പ്രഖ്യാപിക്കാനും പ്രസംഗം ഫോണ്‍ വഴി തന്നെ ഉദ്ഘാടന
വേദിയില്‍ കേള്‍പ്പിക്കാനും തീരുമാനിച്ചത്. മുന്‍ സര്‍ക്കാര്‍
സ്മാര്‍ട്ട്‌സിറ്റിയുടെ പേരില്‍ കൈമാറാനിരുന്ന ഇന്‍ഫോപാര്‍ക്ക്
കേന്ദ്രീകരിച്ച് സ്വപ്നസമാനമായ വികസന പദ്ധതികള്‍ നടപ്പാക്കാനായതില്‍
അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുന്‍ സര്‍ക്കാരിന്റെ
കാലയളവിലുണ്ടാക്കിയ കരാറിലെ എല്ലാ പോരായ്മകളും പരിഹരിച്ചു കൊണ്ടാണ് ഈ
സര്‍ക്കാര്‍ സ്മാര്‍ട്ട്‌സിറ്റി നടപ്പാക്കുന്നത്. പദ്ധതി വൈകിയതിനെ
കുറിച്ച് ആക്ഷേപമുന്നയിക്കുന്നവരോട് പറയാനുള്ള മറുപടി ഇത് മാത്രമാണ്.
ജില്ലയില്‍ മറ്റ് ഐ.ടി. പാര്‍ക്കുകള്‍ പാടില്ല, വെറും 33000 തൊഴിലിന് പകരം
100 ഏക്കര്‍ ഭൂമി, കരാര്‍ ലംഘിച്ചാലും വസ്തു തിരിച്ചെടുക്കാന്‍
വ്യവസ്ഥയില്ലായ്മ എന്നിങ്ങനെ ഒട്ടേറെ പോരായ്മകള്‍ മുന്‍ സര്‍ക്കാരിന്റെ
കാലത്തെ കരാറില്‍ ഉണ്ടായിരുന്നു.
2009-10 സാമ്പത്തിക വര്‍ഷം ദേശീയ
ഐ.ടി. കയറ്റുമതി വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനം മാത്രമായിരുന്നപ്പോള്‍
ഇന്‍ഫോപാര്‍ക്കിന്റെ വളര്‍ച്ച 30 ശതമാനമായിരുന്നു. 72 ലേറെ ഐ. ടി.
കമ്പനികള്‍ ഇപ്പോള്‍ ഇന്‍ഫോപാര്‍ക്കിലുണ്ട്. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി
160 ഏക്കറിലാണ് 2500 കോടി രൂപയുടെ വികസനം. ഒരുലക്ഷം തൊഴിലവസരങ്ങളുണ്ടാകും.
ഇന്‍ഫോപാര്‍ക്കിനൊപ്പം
തിരുവനന്തപുരത്തെ ടെക്‌നോ പാര്‍ക്കിലും രണ്ടാം ഘട്ട വികസനം നടക്കുകയാണ്.
70 ഏക്കറിലാണിത്. ഇതിനോട് ചേര്‍ന്ന് 428 ഏക്കറിലാണ് ടെക്‌നോസിറ്റി വിഭാവനം
ചെയ്തിരിക്കുന്നത്. ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ,ഐ. ടി അക്കാദമി
എന്നിവയും താമസിയാതെ യാഥാര്‍ത്ഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്‍ഫോപാര്‍ക്ക്
രണ്ടാംഘട്ടം മാസ്റ്റര്‍ പ്ലാനിന്റെ രൂപരേഖയും ചടങ്ങില്‍ പ്രകാശനം
ചെയ്തു.മാസ്റ്റര്‍ പ്ലാന്‍ ഡെവലപ്പേഴ്‌സ് ആയ അമേരിക്കയിലെ കാനന്‍ ഡിസൈന്‍
തയ്യാറാക്കിയ രൂപരേഖ മന്ത്രി ശര്‍മ്മയാണ് പ്രകാശനം ചെയ്തത്.

No comments:

Post a Comment