Saturday, December 4, 2010

സ്ഫടിക ചിത്രങ്ങള്‍

ആര്‍ . സന്തോഷ്‌ ബാബു  
അധ്യാപകന്‍ , നാടകകൃത്ത് 
ഡി വൈ എഫ് ഐ ചാരുംമൂട് ഏരിയ കമ്മിറ്റി ട്രഷറര്‍ 
*********************************************************** 

1992
   എന്റെ സുഹൃത്ത്‌ രാജേഷിനൊപ്പം   തൈക്കാട്  പൊതു ശ്മശാനത്തില്‍ ഇരിക്കുകയാണ് . പച്ചോലയില്‍   മെടഞ്ഞ മേലാപ്പിനു കീഴില്‍ കത്തിയമരുന്ന ഒന്നിലധികം ചിതകള്‍ ഉണ്ട്  . ലഹരിക്കായി  തെറുപ്പ്‌ ബീഡിയും റമ്മുംമുണ്ട്. തല പെരുത്തപ്പോള്‍ അവന്‍ 'പശി' എന്ന അവന്റെ കവിത ചൊല്ലി. ഞാന്‍ 'പരേതം' എന്ന ചെറിയ ഒരു കഥയും പറഞ്ഞു . അങ്ങനെ ഏറെ നാള്‍ ഞങ്ങളവിടെ സന്ധ്യകളില്‍ ഇരുന്നിട്ടുണ്ട് .ഭയവും സങ്കടവും നിറഞ്ഞ ഹൃദയങ്ങള്‍ ചിതകള്‍ക്കായി തുറന്നു കൊടുത്തിട്ടുണ്ട്‌ . ഒന്നും പറയാതെ , മേല്‍ വിലാസം വാങ്ങാതെ ഒരു ദിവസം ഞാന്‍ അവനെ വിട്ടു പോന്നു.   
    18  വര്‍ഷങ്ങള്‍ക്കു ശേഷം ഞാനും എന്റെ മറ്റൊരു സുഹൃത്ത്‌  അഡ്വ : ഷിജുവും കൂടി തൈക്കാട്  പൊതു ശ്മശാനത്തിനു എതിര്‍ വശത്തുള്ള കോളനിയില്‍   രാത്രിയില്‍ അവനെ തിരക്കി  എത്തുന്നു . ആധുനികവത്ക്കരിച്ച വൈദ്യുതി ശ്മശാനത്തിന്റെ പടികള്‍ക്കു താഴെ ഞങ്ങള്‍ നിന്നു. തെരുവിലെ കടകളില്‍ അവനെക്കുറിച്ചു തിരക്കി . അവസാനം ഒരാള്‍ പറഞ്ഞത് ഞാന്‍ ഞെട്ടലോടെ കേട്ട് നിന്നു. " നിങ്ങള്‍ ഉദ്ദേശിക്കുന്ന ആള്‍ ഇപ്പോള്‍ ആ മാര്‍ക്കറ്റിലെ കടത്തിണ്ണയില്‍ എവിടെങ്കിലും കാണും . വിളിക്കാതിരിക്കുന്നതാണ് നല്ലത്.ആളിപ്പോള്‍ നല്ല വയലന്റ്   ആയിരിക്കും . അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . നല്ല വിദ്യാഭ്യാസമുള്ള പയ്യന്‍ ആയിരുന്നു . തന്ത വെള്ളമാ, തള്ളയും പെങ്ങളും പിഴച്ചു പോയി . അവന്‍ കല്യാണവും കഴിച്ചു പക്ഷെ കള്ളും കഞ്ചാവും കഴിച്ചു നടന്നത് കൊണ്ടു അവളും കുഞ്ഞും അവനെ ഉപേക്ഷിച്ചു പോയി"  പിന്നീടുള്ള നിമിഷം ഹൃദയഭേദകമയിരുന്നു . വിജനമായ മാര്‍ക്കറ്റിലെ കനത്ത ഇരുട്ടിലേക്ക് ഞങ്ങള്‍ കയറി " രാജേഷേ ... രാജേഷേ ..." ഞാന്‍ ഉറക്കെ വിളിച്ചു , ഒരു മൂളല്‍ കേട്ടു " എടാ ഇതു ഞങ്ങളാടാ വാസ്പിയിലെ ( VASPI  Institute  of  English ) നിന്റെ സുഹൃത്തുക്കള്‍    സന്തോഷും ഷിജുവും ആണ് . ഇരുട്ടില്‍ നിന്നു ഒരു മുഖം തെളിഞ്ഞു വന്നു . പല്ലുകള്‍ കൊഴിഞ്ഞു, നരച്ച  താടി രോമങ്ങളും,  കുഴികളില്‍ താഴ് ന്നു  പോയ   കണ്ണുകളുമായി അവന്‍ പകയോടെ ഞങ്ങളെ നോക്കി .പടു വൃദ്ധനെപ്പോലെ ആ 38 വയസ്സുകാരന്‍ . ഉയരത്തില്‍ നില്‍ക്കുന്ന അവന്റെ മൂക്ക് മാത്രം തിരിച്ചറിയാനുള്ള ഒരു അടയാളമായി ശേഷിച്ചിരുന്നു . പെട്ടന്നവന്‍ അട്ടഹസിച്ചു . എനിക്ക് പേടി തോന്നി . പക്ഷെ മനസ്സിലായോ എന്നറിയും മുമ്പ് തന്നെ അവന്‍ ഞങ്ങളെ ഇരുവരേയും കെട്ടിപ്പുണര്‍ന്നു .ഭ്രാന്തമായി പിറുപിറുത്തു . പിന്നെ നിശബ്ദനായി അവന്‍ ഇരുട്ടില്‍ മറഞ്ഞു . പുറത്തു നിന്നു ആരോ ടോര്‍ച് തെളിച്ചുകൊണ്ട്‌ പറഞ്ഞു " നിങ്ങളിങ്ങു പോരെ അവന്‍ പെട്ടന്ന്  വയലെന്റായി ആക്രമിക്കും . കള്ളിനൊപ്പം കഞ്ചാവ് പിടിച്ചിട്ടുണ്ടങ്കില്‍ പിന്നെ പിടിച്ചാ കിട്ടത്തുമില്ല "പുറത്തേക്കിറങ്ങാന്‍ തിരിയുമ്പോള്‍ ഇരുട്ടില്‍ നിന്നും അവന്റെ തേങ്ങല്‍ കേട്ടു ഉള്ളു പാളി പ്പോയി. .
    സുഹൃത്തുക്കളോടൊപ്പമുള്ള ഇഷ്ടസന്ധ്യകളില്‍ ബാറിലെ സീറോ വോള്‍ട്ട് വെളിച്ചത്തിന് കീഴില്‍ ഒരാള്‍ മനസ്സ് തുറക്കുന്നുണ്ട് . മൗനം അകത്തേക്ക് തുറക്കാനുള്ള വാതില്‍ ആണെങ്കില്‍ , അതെ മൗനമാണ് വാതില്‍ തുറന്നു പുറത്തേക്കിറങ്ങുന്നതു . ആശയങ്ങളുടെതായ ഒരു ലോകം മാത്രമല്ല തുറന്നു വെയ്ക്കുന്നത് . സ്വെന്തം സ്വകാര്യതകള്‍ പോലും അറിയാതെ വിളമ്പി കൊടുക്കുന്നുണ്ട് . പിന്നീട് അതൊരു ബൂമറാങ്ങായി  തിരിച്ചെത്തുമെന്ന് ഒരു പക്ഷെ അയാള്‍ അറിയുന്നില്ല . പ്രലോഭനങ്ങളുടെ  ആ സന്ധിയെക്കുറിച്ചോര്‍ത്തു, ആ ദുര്‍ഭഗനിമിഷത്തെക്കുറിച്ച്   ഓര്‍ത്ത്  ഖേദിക്കുമ്പോഴേക്കും അയാള്‍ക്ക് ജീവിതം കൈവിട്ടു പോകുന്നു . ഗ്ലാസിലെ ഐസ്   ക്യുബുകളില്‍  നുരഞ്ഞു പൊന്തി ഉടയുന്ന ചെറിയ കുമിളകള്‍ പോലെ അയാള്‍ അനാരോഗ്യത്താല്‍ തകര്‍ന്നു പോകുന്നു. കുടുംബം ശിഥിലമാകുന്നു . മദ്യപാന  രാത്രികളുടെ ബാക്കിപത്രത്തില്‍ രാജേഷ്‌  എന്നെ  പഠിപ്പിച്ചത് ഈ വലിയ തിരിച്ചറിവായിരുന്നോ ?

No comments:

Post a Comment