Friday, September 9, 2011

സ. ചടയന്‍ ഗോവിന്ദന്‍

കേരളത്തിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവ് സ. ചടയന്‍ ഗോവിന്ദന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് പതിമൂന്ന് വര്‍ഷമാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് സ. ചടയന്‍ അന്തരിച്ചത്. സഖാവ് നമുക്കാകെ മാതൃകയാകുന്ന ത്യാഗപൂര്‍ണമായ ജീവിതമാണ് നയിച്ചത്. പ്രാഥമികവിദ്യാഭ്യാസം നേടിയതിനുശേഷം നെയ്ത്തുതൊഴിലാളിയായ സ: ചടയന്‍ പഴയ ചിറയ്ക്കല്‍ താലൂക്കില്‍ നെയ്ത്തുതൊഴിലാളികളുടെ പ്രസ്ഥാനം സംഘടിപ്പിച്ചു. കൈത്തറിത്തൊഴിലാളികളുടെ നേതാവെന്ന നിലയിലുള്ള പ്രവര്‍ത്തനം മറ്റ് ഏത് ഭാരിച്ച ഉത്തരവാദിത്തം വന്നപ്പോഴും അദ്ദേഹം ഒഴിവാക്കിയിരുന്നില്ല. സംസ്ഥാന കൈത്തറി തൊഴിലാളി കൗണ്‍സില്‍ പ്രസിഡന്റായി മരണംവരെ സഖാവ് പ്രവര്‍ത്തിച്ചു. പൊലീസ്- ഗുണ്ടാ തേര്‍വാഴ്ചയ്ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുന്നതില്‍ സ: ചടയന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു. 1948ല്‍ കമ്പില്‍ അങ്ങാടിയില്‍ വളന്റിയര്‍മാരെ സംഘടിപ്പിച്ച് ഗുണ്ടകളെ നേരിടാന്‍ പാര്‍ടി തീരുമാനിച്ചപ്പോള്‍ സ. ചടയന്‍ മുന്‍നിര പങ്കാളിയായി.

1970 കളില്‍ മിച്ചഭൂമി സമരത്തിന്റെ ഭാഗമായി പൊലീസ്-ഗുണ്ടാമര്‍ദനമുണ്ടായപ്പോള്‍ അതിനെ ചെറുത്തുനില്‍ക്കുന്നതിലും നേതൃപരമായ പങ്ക് സഖാവ് നിര്‍വഹിച്ചു. ചേലേരിയിലെ അനന്തന്‍ നമ്പ്യാര്‍ പൂഴ്ത്തിവച്ച നെല്ല് പിടിച്ചെടുത്ത് പാവങ്ങള്‍ക്ക് വിതരണംചെയ്ത വളന്റിയര്‍മാരുടെ കൂട്ടത്തില്‍ ചടയനുമുണ്ടായിരുന്നു. ഈ സമരത്തിന്റെ ഭാഗമായി കൊടുങ്കാട്ടില്‍ ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞു. പിന്നീട് അറസ്റ്റിലായ ചടയനെ എംഎസ്പിക്കാര്‍ പൈശാചികമായി മര്‍ദിച്ചു. മറ്റൊരു ഘട്ടത്തില്‍ ചടയന്റെ വീട് എംഎസ്പിയും ഗുണ്ടകളും ചേര്‍ന്ന് നശിപ്പിച്ചു. തുടര്‍ന്ന് വീരാജ്പേട്ടയിലേക്ക് നാടുവിട്ട സഖാവ് അവിടെ മൂന്നുമാസത്തോളം കട്ടനിര്‍മാണത്തൊഴിലാളിയായി പ്രവര്‍ത്തിച്ചു. 1948ല്‍ പാര്‍ടി സെല്ലില്‍ അംഗമായി. തുടര്‍ന്ന് 1952ല്‍ ഇരിക്കൂര്‍ ഫര്‍ക്കാ കമ്മിറ്റി അംഗമായി. 1962ല്‍ പാര്‍ടിയുടെ ഇരിക്കൂര്‍ താലൂക്ക് സെക്രട്ടറി, 1964ല്‍ സിപിഐ എം നിലവില്‍ വന്നപ്പോള്‍ ജില്ലാകമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1979ല്‍ പാര്‍ടിയുടെ ജില്ലാ സെക്രട്ടറിയായി.

1985ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും 1996 മെയ് മുതല്‍ മരണംവരെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഇടക്കാലത്ത് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിക്കുകയുണ്ടായി. സംഘടനാപരമായി പാര്‍ടി കടുത്ത വെല്ലുവിളികള്‍ നേരിട്ട ഘട്ടത്തിലാണ് ചടയന്‍ കണ്ണൂര്‍ , തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചത്. നാറാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, എംഎല്‍എ എന്നീ നിലകളിലും മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്. ചടയന്റെ വേര്‍പാട് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നികത്താനാകാത്ത നഷ്ടമാണ് സൃഷ്ടിച്ചത്. .

No comments:

Post a Comment