Tuesday, November 30, 2010

വേണം ഒരു പുനരധിവാസ കേന്ദ്രം


എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച പ്രദേശങ്ങളിലെ  സ്ഥിതി വളരെ ദയനീയമാണ് . സാധാരണക്കാരായ തോട്ടം തൊഴിലാളി കുടുംബങ്ങള്‍ ആണ് കൂടുതലും ഇര ആയിട്ടുള്ളത് . കുടുംബത്തില്‍ കുട്ടികള്‍ ആണ് കൂടുതലും എന്‍ഡോസള്‍ഫാന്‍ ദുരിതം പേറുന്നവര്‍ . അവരെ ഒറ്റക്കിട്ടിട്ടു കൂലി പണിക്കു പോകാനാവാത്ത സാധാരണ തൊഴിലാളി കുടുംബങ്ങള്‍ . സര്‍ക്കാരുകള്‍ അവരെ പുനരധിവസിപ്പിക്കുകയല്ലേ വേണ്ടത് .
ദുരിത ബാധിതര്‍ക്കായി സാമൂഹ്യ ക്ഷേമ വകുപ്പ്   സൌജന്യ റേഷനും പെന്‍ഷനും നടപ്പിലാക്കിയത്‌ തികച്ചും അഭിനന്ദനീയമായ കാര്യം തന്നെ ആണ് . ശയ്യാവലംബികള്‍ ആയ എന്‍ഡോസള്‍ഫാന്‍ രോഗികളെ പരിചരിക്കുന്നവര്‍ക്ക്    മുന്നൂറു രൂപയും രോഗികള്‍ക്ക് നാനൂറു രൂപയുമാണ് നിലവില്‍ കേരള സര്‍ക്കാര്‍ നല്‍കുന്നത് . ഏതാണ്ട്  537 പേര്‍ക്ക് ഇതിന്റെ പ്രയോജനം ഉണ്ടായിട്ടുണ്ട് .  പക്ഷെ ചില വലതു പക്ഷ ജന പ്രതിനിധികള്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ  പേര് വിവരം ജില്ലാ പഞ്ചായത്ത് സെല്ലിലോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ നല്‍കിയിട്ടില്ല എന്നൊരു ആക്ഷേപം നിലവില്‍ ഉണ്ട് ഇത് കാണാതെ പോകരുത്. എല്ലാ ദുരിത ബാധിതര്‍ക്കും  ഇതിന്റെ പ്രയോജനം ലഭ്യമാക്കണം .

എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ച   ദുരന്ത ഭൂമിയില്‍ ദുരിത ബാധിതരെ തേടി കേരള സര്‍ക്കാരിന്റെ മൊബൈല്‍ ചികിത്സാ സംഘങ്ങള്‍  സേവനവുമായി എത്തുന്നു. ആയുര്‍വേദ -ഹോമിയോ -അലോപ്പതി ഡോക്ടര്‍മ്മാരുടെ സംയുക്ത സംഘമാണിതില്‍  ഉള്ളത് . കൂടാതെ ഫിസിയോ തെറാപ്പിസ്റ്റ് , സ്പീച് തെറാപ്പിസ്റ്റ്, മാനസിക വൈകല്യ മുള്ളവര്‍ക്കും പഠന  വൈകല്യ മുള്ളവര്‍ക്കും ആവശ്യമായ  കൌണ്സിലിങ്ങിനുള്ളവരും  മെഡിക്കല്‍ സംഘത്തോടോപ്പമുണ്ട് . വീട്ടില്‍ നിന്നും വൈകല്യം മൂലം പുറത്തിറങ്ങാന്‍ കഴിയാത്ത  എന്‍ഡോസള്‍ഫാന്‍ദുരിത ബാധിതരെ അവരുടെ വീടുകളില്‍ പോയി ചികിത്സ നല്‍കുന്നതിനു ഇത് വഴി സാധിക്കുന്നുണ്ട്.
ഇത്തരം ആശ്വാസ നടപടികള്‍ കൂടാതെ ഈ പ്രശ്നങ്ങള്‍ക്ക്  ഓരോ ശാശ്വത പരിഹാരം ഉണ്ടാകണ്ടേ ? 

 ഒരു കാലത്ത്  ഈ സമൂഹമാക തൊട്ടു കൂടാത്തവരും തീണ്ടി കൂടാത്തവരും ദ്രിഷ്ട്ടിയില്‍ കണ്ടാല്‍ ദോഷമുള്ളവരുമായി കണക്കാക്കിയവര്‍ ആയിരുന്നു   കുഷ്ഠ രോഗികള്‍ . സ്വന്തം വീട്ടില്‍ നിന്നു പോലും അടിച്ചിറക്കപ്പെട്ടവര്‍, സമൂഹത്തില്‍ നിന്നും അട്ടിയോടിക്കപ്പെട്ടവര്‍. ബന്ധുക്കളുടെ പോയിട്ട്   സ്വെന്തം മകന്റെയോ മകളുടെയോ പോലും വിവാഹത്തില്‍  പോലും പോകാന്‍  പറ്റാത്തവര്‍ . ഉറ്റവരുടെയോ ഉടയവരുടെയോ മരണത്തില്‍ പോലും ഒഴിപ്പിച്ചു നിര്‍ത്തിയവര്‍ , അമ്പലത്തിലോ പള്ളിയിലോ ആരാധനക്കായി ചെന്നാലും കയറ്റാത്ത അവസ്ഥ.    ചായക്കടയില്‍ ചെന്നാല്‍ പോലും ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍  കൊടുക്കാത്ത അവസ്ഥ  ഇനി അഥവാ കൊടുത്താലോ ചിരട്ടയില്‍ !  അത്ര മാത്രം ദുരിതം അനുഭവിച്ച ജനങ്ങള്‍ ആയിരുന്നു അവര്‍ . അവരെ പുനരധിവസിപ്പിക്കുന്നതിനായിട്ടാണ് ലെപ്രസ്സി സാനിട്ടോറിയം  സ്ഥാപിച്ചത് . ഏഷ്യ യിലെ തന്നെ ഏറ്റവും  വലിയ ലെപ്രസ്സി സാനിട്ടോറിയം ആണ് ആലപ്പുഴ  ജില്ലയിലെ മാവേലിക്കര താലുക്കിലെ നൂറനാട് സ്ഥിതി ചെയ്യുന്നത് . ആലപ്പുഴയുടെ തെക്ക് കിഴക്കേ അറ്റത്താണ് നൂറനാട്  എന്ന ഗ്രാമം.  
ഇവിടെ പുനരധിവസിപ്പിച്ചവര്‍ക്കായി വീടും കൃഷി ഭൂമിയും നല്‍കി. അവരെ ചികിത്സിക്കാന്‍ ഡോക്ടര്‍മ്മാരെത്തി . അവിടെ അവര്‍ക്ക് ആരാധിക്കാന്‍  അമ്പലവും പള്ളിയും മോസ് കും പണിതു നല്‍കി. അവര്‍ക്കായി  ചുടല പറമ്പും സെമിത്തേരിയും ഖബറും പണിതു  . വായന ശാലകള്‍ ഉണ്ടായി . ഇന്ന്  ലെപ്രസ്സി സാനിട്ടോറിയം  അതിന്റെ പ്ലാറ്റിനം ജൂബിലി കൊണ്ടാടുകയാണ് . ഇവിടെയിരുന്നു കൊണ്ടാണ്  നാടകാചാര്യനായ തോപ്പില്‍ ഭാസി മലയാള നാടക ചരിത്രത്തില്‍ തന്നെ എക്കാലത്തെയും മികച്ച "അശ്വമേധം " എഴുതിയത് . അവരെ ക്കുറിച്ചാണ് 
" പാമ്പുകള്‍ക്ക് മാളമുണ്ട്  , പറവകള്‍ക്ക് ആകാശമുണ്ട്  ..
 മനുഷ്യാ പുത്രന് തല ചായിക്കാന്‍ മണ്ണില്‍ ഇടമില്ല " 
" ചില്ല് മേടയില്‍ ഇരുന്നെന്നെ കല്ലെറിയല്ലേ  ...."  എന്നീ   വരികള്‍  ഉണ്ടായതും . 
എന്ത് കൊണ്ടു നമുക്ക് അങ്ങനെ ചിന്തിച്ചു കൂടാ . എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി . ഒരു സാനിട്ടോറിയം പണിതു കൂടാ . അതല്ലേ കുറച്ചു  കൂടി ശാശ്വത പരിഹാരം . 

Monday, November 29, 2010

എന്തിനിങ്ങനെ വിടു പണി ചെയ്യണം

2000 ത്തില്‍ ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ സ്റ്റോക്ക് ഹോമില്‍ചേര്‍ന്ന 120 രാജ്യങ്ങളുടെസമിതി 12 കീടനാശിനികള്‍ നിരോധിക്കാനുള്ള പ്രോട്ടോകോളില്‍ ഒപ്പ് വെച്ചു .പോപ്സ് എന്ന് അറിയപ്പെടുന്ന , അത്യന്തം വിനാശകാരികളായ ഈ കീടനാശിനികളെ Dirty Dozenഎന്നാണു സമിതി വിശേഷിപ്പിച്ചത് . നിരോധിക്കാന്‍ ഉദ്ദേശിച്ച ഡൈക്ളോഡ് യ്ന്‍ എന്നഗ്രൂപ്പില്‍ ആദ്യം എന്റോസള്‍ഫാനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് അതിനെ ക്ളോറിനേറ്റഡ്സൈക്ലിക്ക് ഡയോളിന്റെ സള്‍ഫ്യൂറസ് ആസിഡ് എന്നഗ്രൂപ്പിലേക്ക് മാറ്റി . ഇതിനെ നിരോധനത്തില്‍ നിന്നും രക്ഷപ്പെടുത്തി.ഇങ്ങിനെ രക്ഷപ്പെടുത്താന്‍
എന്റോസള്‍ഫാന്‍ നിര്‍മ്മാണ കമ്പനികളും അവരുടെ രാഷ്ട്രീയ ശക്തികളും അതി സമര്‍ത്തമായചരടു വലിച്ചു .POP റിവ്യൂ കമ്മിറ്റികളിലെ കഴിഞ്ഞ അഞ്ച് യോഗങ്ങളിലും എന്റോസള്‍ഫാനു വേണ്ടി അവരുടെ താല്പ്പര്യം സംരക്ഷിക്കുന്നതിന്നു വേണ്ടി ശക്തമായി നിലകൊള്ളുന്നത് ഇന്ത്യാ മഹാരാജ്യമാണ്. നമ്മുടെ ഗവര്‍മെന്റിന്റെപൊതു സമീപനം ഇങ്ങനെ ആവുന്നതില്‍ അത്ഭുതപ്പെറ്റാനി ല്ല . ഇന്ത്യമാത്രമല്ല ലോകത്തിലേതന്നെ ഏറ്റവവും വലിയ വ്യവസായ ദുരന്തമായിരുന്നല്ലോ ഭോപ്പാല്‍ ദുരന്തം .
1984 ഡിസംബര്‍ 3 നമുക്ക് മറക്കാന്‍ കഴിയില്ല . ഇങ്ങിനെയൊരു അപകടത്തിനുള്ള സാദ്ധ്യത വ്യാവസായിക വിദഗ്ദര്‍ കണക്ക് കൂട്ടിയിരുന്നെങ്കിലും ഇത്രയും ഭീകരത ആരും പ്രതീക്ഷിച്ചിരുന്നില്ല . അതിനാല്‍ അപകടം നടന്ന അര്‍ദ്ധരാത്രിയില്‍ എന്തു ചെയ്യണ മെന്നറിയാതെ രാജ്യം സ്തബ്ധരായി. പിന്നീട് ഇന്നുവരെ നാം കണ്ടുകൊണ്ടിരിക്കുന്നത് ദുരന്തത്തെ കുറച്ചു കാണിക്കാനുള്ള ശ്രമങ്ങളാണ് ഔദ്യോഗിക വിഭാഗങ്ങളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നാണ്.
ഭോപ്പാല്‍ ദുരന്തത്തിന്ന് മുമ്പും അതിന്ന് ശേഷവും വികസിത രാജ്യങ്ങളേയും മൂന്നാം ലോകരാജ്യങ്ങളേയും വേര്‍തിരിച്ചു കാണുന്നതും മൂന്നാം ലോകരാജ്യങ്ങളിലെ ജനങ്ങളേയും അതിലെ വിഭവങ്ങളേയും കൊള്ളചെയ്യുന്നതിന്നും ഒരു ദാക്ഷിണ്യവും കാണിക്കാറില്ല എന്നതാണു. വികസിത രാജ്യങ്ങളുടെ ഒരു ട്രംഞ്ചിങ്ങ് പ്രദേശവും കൂടിയായാണ് ഇന്നു മൂന്നാം ലോകരാജ്യങ്ങള്‍
മാരകമായ പാരിസ്തിതി തകരാരുണ്ടാക്കുന്ന എല്ലാ വ്യവസായങ്ങളും മാത്രമല്ല ആണവാവശിഷ്ടങ്ങള്‍ പോലും മൂന്നാം ലോകരാജ്യങ്ങളിലേക്ക് നിര്‍ബ്ബാധം തള്ളിക്കൊണ്ടിരിക്കുന്നു. ഭോപ്പാല്‍ ദുരന്തം സഭവിച്ചത്‌ നോക്കുക.. ഇതുപോലുള്ള അപകടം ഒഴിവാക്കുന്നതിന്ന് വികസിതരാജ്യങ്ങളില്‍ ഒട്ടേറേ സുരക്ഷാ നടപടികള്‍ ഉണ്ടു. അതില്‍ ഒന്ന് മീതൈല്‍ ഐസോസൈനേറ്റ് എന്നരാസവസ്തു അന്തരീക്ഷ ഊഷ്മാവില്‍ എത്താതെ തണുപ്പിച്ചു കൊണ്ടിരിക്കണം എന്നത്. മറ്റൊന്ന് ഇത് ചെറിയ ബാരലുകളിലേ സൂക്ഷിക്കാവൂ എന്നതാണ്.ഇല്ലെങ്കില്‍ പൊട്ടിത്തെറിക്കുള്ള സാദ്ധ്യത കൂടുതലാ ണ് മീതൈല്‍ ഐസോസൈനേറ്റ് എന്ന രാസ വസ്തുവില്‍ നിന്നാണു സെവിന്‍ എന്ന കീടനാശിനി ഉണ്ടാക്കുന്നത്. 

ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്റ്ററിയില്‍ ഉല്പ്പാദിപ്പിച്ചിരുന്നത് സെവിനായിരുന്നു. അതിനെ തണുപ്പിക്കാനായി വേണ്ടിവരുന്ന ഇലക്ട്രിസിറ്റി ലാഭിക്കാന്‍ അതിന്നു വേണ്ടിയുള്ള സംവിധാനങ്ങള്‍ രാത്രി കാലങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക എന്നത് ഇവിടുത്തെ സ്ഥിരം പരിപാടിയായിരുന്നു. ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിയിരുന്ന കമ്പനി ഡയറക്റ്റര്‍ വാറല്‍ ആന്‍ഡേഴ്സിനെ ഇന്ത്യയില്‍ നിന്നും രാക്ക് രാമാനം തടി തപ്പുന്നതിന്ന് എല്ലാ വിധ സഹായവും സംരക്ഷണവും നല്കിയത് ഈരാജ്യത്തെ ഭരണകൂടമാണ്, സര്‍ക്കാറാണ്. തുടര്‍ന്നുണ്ടായ കോടതി നടപടികളും വിധിയും എപ്രകാരമാണെന്ന് ഓര്‍ക്കുമല്ലോ  ഇവിടേയും കൊടും ഭീകരരായ വിഷമരുന്നു കുറ്റവാളികളെ സമര്‍ത്തമായി എങ്ങിനെ രക്ഷപ്പെറ്റുത്തുന്നു എന്നതിന്റെ നാടക കാഴ്ചകാള്‍ക്കാണ് നമ്മളിപ്പോള്‍ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്.  

ശാസ്ത്രം മനുഷ്യാ നന്മയ്ക്കോ അതോ തിന്മയ്ക്കോ ?

-
എന്‍ഡോസള്‍ഫാനില്‍ അടങ്ങിയിരിക്കുന്ന രാസവസ്തു പ്രധാനമായും ഓര്‍ഗാനോ ക്ളോറിന്‍ ആണ്. ടര്‍പ്പന്റയിനോട് സദൃശ്യമായ മണമുള്ള ഇതിന്റെ നിറം കാപ്പിയോ അതിന്റെ നേര്‍ത്ത വകഭേദമോ ആണ്.. രണ്ടുതരം മിശ്രിത രൂപങ്ങളില്‍ ഇത് മാര്‍ക്കറ്റില്‍ യഥേഷ്ടം ലഭ്യമാണ് .ഹെസ്റ്റ്,എക്സല്‍ ഇന്റ്രസ്റ്റീസ്,ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ് ലിമിറ്റഡ് ,ഇ ഐ സി പ്യാരി എന്നിവരാണ് എന്‍ഡോസള്‍ഫാന്‍ ഉല്പ്പാദിപ്പിക്കുന്ന കമ്പനികള്‍ ഇവരില്‍ പലരും വൈദ്യ ശാസ്ത്ര മേഖലയില്‍ ആധിപത്യം വഹിക്കുന്ന മരുന്നു നിര്‍മ്മാണ കമ്പനികളുമാണ്.. ഏറ്റവും അധികം എന്‍ഡോസള്‍ഫാന്‍ ഉല്പ്പാധിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഇന്ത്യയിലാണ്. ഉല്പ്പാദനത്തിന്റെ  നല്ലൊരു പങ്ക് ഇപ്പോഴും ഇത് ഉപയോഗിക്കുന്ന രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. 13180 മെട്രിക്ക് ടണ്‍ എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ നിന്നു കയറ്റി അയക്കുകയും 4599 മെട്രിക്ക് ടണ്‍ നമ്മുടെ രാജ്യത്ത് ഉപയോഗിക്കുകയും ചെയ്യുന്നു.
1774 ല്‍ കാള്‍ വിജിലംഷിലെ എന്ന സ്വീഡീഷ് ശാസ്ത്രജ്ഞനാണ് ഇത് വേര്‍തിരിച്ചെടുത്തത്. ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ ശത്രു വിഭാഗത്തിന്റെ ജീവജാലങ്ങളേയും  പരിസ്ഥിതിയേയും കൊന്നൊടുക്കുവാനുള്ള രാസായുധമായി ഇത് ഉപയോഗിക്കപ്പെട്ടു.
പിന്നീട് ഇത് കീട നാശിനി എന്നനിലയിലേക്ക് വേഷം മാറി രൂപം മാറി. നമ്മുടെരാജ്യത്ത് രാസ കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത് 50 വര്‍ഷത്തിലധികമായി എങ്കിലും
എന്‍ഡോസള്‍ഫാന്‍ അവതരിച്ചിട്ട് 30 വര്‍ഷമേ ആയിട്ടുള്ളു . “ദൈവം 91 മൂലകങ്ങള്‍ നിര്‍മ്മിച്ചു മനുഷ്യന്‍ ഒരു ഡസനിലും കുറവ് മൂലകങ്ങളേ വേര്‍തിരിച്ചെടുത്തു. പക്ഷെ ചെകുത്താന്‍ ഒരേയൊരു മൂലകം ശൃഷ്ടിച്ചു അതാണ് ക്ളോറിന്‍ ”ശാസ്ത്രജ്ഞന്മാരുടെ വാക്കുകളാണിത്. രാസപ്രക്രിയയിലൂടെ ക്ലോറിന്‍ കാര്‍ബണുമായി പ്രതിപ്രവൃത്തിച്ചാണ് ജൈവക്ളോറിന്‍ ഉണ്ടാവുന്നത്. എന്റോസള്‍ഫാന്‍ ജൈവ ക്ളോറിന്‍ അടങ്ങിയ ഒരു കീട നാശിനിയാണ്. ജീവികളുടെ ശരീരത്തിലും അന്തരീക്ഷത്തിലും നശിക്കാതെ നില നില്ക്കുന്നതും വിഭജിക്കാന്‍ കഴിയാത്തതുമാണ് ജൈവക്ളോറിന്‍ .ഇതു ശരീരത്തിലെ കൊഴുപ്പില്‍ നന്നായി അലിയുന്നു.അതിനാല്‍ ജൈവ വര്‍ദ്ധനം എന്ന പ്രക്രിയയിലൂടെ ശരീരത്തില്‍ഇതിന്റെ അളവ് വര്‍ദ്ധിച്ചു വരുന്നു.
ഭഷ്യ ശൃംഖലയില്‍ രാസ വസ്തു കലരുന്നതോടെ അത് ഭക്ഷിക്കുന്ന ജീവികളുടെ ശരീരത്തില്‍ ഈ രാസവസ്തു എത്തിപ്പെട്ട്
നിലനില്ക്കുകയും ക്രമീകമായി തോത് കൂടിവരികയും ചെയ്യുന്ന പ്രക്രിയയാണ് ജൈവവര്‍ദ്ധനം. വെള്ളത്തിലും പഴവര്‍ഗ്ഗങ്ങളിലും എന്റോസള്‍ഫാന്റെ അര്‍ദ്ധജീവിതം (രാസ ഗുണത്തോടെ വീര്യം നിലനില്ക്കുന്ന അവസ്ഥ​‍മൂന്ന് ദിവസം മുതല്‍ ഏഴു ദിവസം വരെയാണെന്ന് കണക്കാക്കാം . എന്നാല്‍ മണ്‍ കൂനകളില്‍ ഈ കാലയളവ് 60 ദിവസം മുതല്‍ 600 ദിവസം വരേയാണ്.
മണ്ണീലെ സൂഷ്മ ജൈവ ജാലങ്ങളെ ഓര്‍ഗ്ഗാനോ ക്ലോറിന്‍ നശിപ്പിക്കുന്നതോ ,മണ്ണിന്റെ ജൈവസ്വഭാവത്തെ തടയുന്നതോ ആവാം ഇതിന്റെ കാരണം . ഈ രണ്ട് കാലയളവുകള്‍ക്കിടയില്‍ മത്സ്യ മാംസങ്ങള്‍ ധാന്യ പയര്‍ വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ശ്വസിക്കുകയും മണ്ണുമായി പെരുമാറുകയും ചെയ്യുന്ന മനുഷ്യന്റേയും ജീവികളുടെയും ശരീരത്തില്‍ കീടനാശിനി എത്തിപ്പെടാനും കൊഴുപ്പില്‍ ജൈവക്ലോറിന്‍ കലരാനുമുള്ള സാഹചര്യം നിലനില്ക്കുന്നു.   ആവാസവ്യവസ്ഥ   മുഴുവന്‍ വിഷമയമായി മാറുകയും ജീവികള്‍ ആ വിഷത്തിന്ന് വിധേയമാവുകയും ചെയ്യുന്ന രാസവിഷ പരിചംക്രമണത്തിന്റെ സമഗ്രമായ ഒരു വ്യവസ്ഥയാണ്​‍ ഇങ്ങനെ ഉണ്ടാവുന്നത് .പൊതുവായ സ്വഭാവ സവിശേഷതകള്‍ക്കകത്ത് തന്നേയുള്ള ഓരോരോ ജൈവ സാങ്കേതിക പ്രവര്‍ത്തന വ്യവസ്ഥകളാണ് ജീവികള്‍ .
ഒരു പൊതു വ്യവസ്ഥയുടെ ഭാഗമായ സവിശേഷതകളാണ് ജീവന്‍ എന്ന പ്രതിഭാസം നിലനില്ക്കുന്നത് എന്നിതു സൂചിപ്പിക്കുന്നു.
ക്രമാനുഗതമായി ഉണ്ടാകുന്ന ജനിതകമായ അട്ടിമറി ജീവന്റെ സാമാന്യവും സവിശേഷവുമായ ഈ അവസ്ഥയില്‍ ജീവികളുടെ ജൈവ സ്വഭാവത്തില്‍ മാരകമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് ഊഹിക്കാന്‍ വലിയ ശാസ്ത്രബോധമൊന്നും

ആവശ്യമില്ല .എന്‍ഡോസള്‍ഫാന്‍ -കാര്‍സിനോജനിക്ക്, ഇമ്യൂണിസ്റ്ററി  സപ്രഷല്‍ എന്നീ സ്വഭാവ സവിശേഷതകളുള്ളതായി ശാസ്ത്രം സമ്മതിച്ചിട്ടുണ്ട് .ഇത്തരം നാശകാരിയായ സ്വഭാവങ്ങളുള്ള എന്റോസള്‍ഫാന്‍ ഉണ്ടാക്കാനും അതു കൃഷിക്ക് വേണ്ടി നിര്‍ദ്ദേശിക്കുവാനുംശാസ്ത്രത്തിന്ന് യാതൊരു ചിന്താക്കുഴപ്പവും ഉണ്ടായില്ല . പക്ഷെ രോഗങ്ങളുടെ കാരണം എന്റോസള്‍ഫാനാണെന്ന് പറയേണ്ടി വരുന്ന ഘട്ടം വരുമ്പോള്‍ ഇന്നത്തെ ശാസ്ത്രവും ശാസ്ത്രജ്ഞരും പൊട്ടന്‍ കളികളിക്കുന്നു. ശാസ്ത്രം മനുഷ്യാ നന്മയ്ക്കോ അതോ തിന്മയ്ക്കോ ?

ആതിരപ്പള്ളി പദ്ധതിയും എന്‍ഡോസള്‍ഫാനും


ആതിരപ്പള്ളി പദ്ധതിക്ക് അനുമതി നല്കാനാവില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശ്  പറഞ്ഞിരുന്നു .  പദ്ധതി പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുമെന്ന് ബയോഡൈവേഴ്സിറ്റി ബോര്‍ഡും വനംവകുപ്പും നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞതു കൊണ്ടാണ്  ഇതെന്നാണ്  ശ്രീ . ജയറാം രമേശ് പറഞ്ഞത്. പഠനങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ അനുമതി നല്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു . ഒന്ന് ചോദിച്ചോട്ടെ ജയറാം രമേശ് സാറെ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍  ഇനി ഏതു കേന്ദ്ര സംഘത്തിന്റെ പഠന റിപ്പോര്‍ട്ട്‌ ആണ് വരാനുള്ളത്.? എന്‍ഡോസള്‍ഫാന്‍ പരിസ്ഥിതിക്ക് ഒരു ആഘാതവും ഉണ്ടാക്കിയില്ലേ സാറെ ? അവിടെ നൂറു കണക്കിനാളുകള്‍ മരിച്ചു,  ആയിരക്കണക്കിനാളുകള്‍ ദുരിതവും പേറി ഇന്നും  ജീവിക്കുന്നു ഇത് കാണാന്‍ സാറിന് കണ്ണില്ലേ അതോ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുകയാണോ സാറെ ? 

എച്ച്.ഐ. എല്‍ മാര്‍ച്ച്‌


 പ്ലാന്റേഷന്‍ കോര്‍പറേന്റെ കശുമാവിന്‍തോട്ടങ്ങളില്‍ തേയില കൊതുകുകളെ നശിപ്പിക്കാനായി കാല്‍നൂറ്റാണ്ടോളം എന്‍ഡോസള്‍ഫാന്‍ തളിച്ചതിന്റെ ഫലമായി വായുവും ജലവും മണ്ണും വിഷമയമായി. കാസര്‍കോട് ജില്ലയിലെ 11പഞ്ചായത്തുകളിലായി ആയിരക്കണക്കിന്‌ ആളുകളാണ്‌ വിവിധ അസുഖങ്ങള്‍ ബാധിച്ച്‌ ചികില്‍സയിലുള്ളത്‌. 500ഓളം പേര്‍ അസുഖത്തെ തുടര്‍ന്ന്‌ മരണപ്പെട്ടിരുന്നു. ഗര്‍ഭസ്ഥശിശുക്കള്‍പോലും വൈകല്യങ്ങളോടെ പിറന്നുവീഴുന്നു. എന്‍ഡോസള്‍ഫാന്‍ മേഖലകളിലെ രോഗികളുടെ രക്തത്തില്‍പോലും കീടനാശിനിയുടെ അംശങ്ങള്‍കണ്ടെത്തിയിരുന്നു. നാഡീ സംബന്ധമായ തകരാറുകളാലും ബുദ്ധിവൈകല്യത്താലും പ്രത്യുല്‍പാദന ന്യൂനതകളാലും ഈ മേഖലയിലുള്ളവര്‍ ദുരിതത്തിലാണ്‌. എന്‍മകജെ, കുമ്പഡാജെ, ബദിയടുക്ക, ബെള്ളൂര്‍, കാറഡുക്ക, മുളിയാര്‍, പള്ളിക്കര, കോടോം-ബേളൂര്‍, പുല്ലൂര്‍-പെരിയ, പനത്തടി, കയ്യൂര്‍-ചീമേനി തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളാണ്‌ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്‌.
സംസ്ഥാന സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിരുന്നു. എന്നാല്‍ എറണാകുളം ഏലൂരിലാണ്‌ കേന്ദ്രസര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാണ ഫാക്ടറി ഉള്ളത്‌. എച്ച്.ഐ.എല്ലി  ലെ എന്‍ഡോ സള്‍ഫാന്‍ ഉത്പാദനം നിര്‍ത്തി വെയ്ക്കണം എന്നു അവശ്യപ്പെട്ടുകൊണ്ട്  ഡി വൈ എഫ്  ഐ നവംബര്‍ 22 തിങ്കളാഴ്ച മാര്‍ച്ച്‌ സംഘടിപ്പിക്കുകയുണ്ടായി.  ഡി വൈ എഫ്  ഐ  സംസ്ഥാന സെക്രട്ടറി ടി. വി രാജേഷ്‌  മാര്‍ച്ച്‌ ഉത്ഘാടനം  ചെയ്തു 

Sunday, November 28, 2010

ഇനി എങ്കിലും കണ്ണ് തുറക്കൂ

ഇനി എങ്കിലും കണ്ണ് തുറക്കുമോ കെ .വി തോമസ്‌ സാറെ ?
അല്ലെങ്കില്‍ ഒരു ടൂറിസം പാക്കേജ് കുമ്പളങ്ങി പോലെ പ്രഖ്യാപിക്കാം എന്തേ ?  

കാസര്‍ഗോഡ്‌ 300 പേരുടെ മരണത്തിനിടയാക്കിയ എന്‍ഡോസള്‍ഫാന്‍ ‘മൃദുകീടനാശിനി’യെന്നു നിര്‍മാതാക്കള്‍


ന്യൂഡല്‍ഹി: കാസര്‍ഗോഡ്‌ ജില്ലയില്‍ മുന്നൂറിലധികം പേരുടെ മരണത്തിന്‌ ഇടയാക്കുകയും ആയിരത്തിലധികം പേരെ മാറാരോഗങ്ങള്‍ക്ക്‌ അടിമയാക്കുകയും ചെയ്‌ത എന്‍ഡോസള്‍ഫാന്‍ വിഷം വെറും ‘മൃദുകീടനാശിനി’ യാണെന്ന വാദവുമായി എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കള്‍ രംഗത്തെത്തി. വരുന്ന 11 ന്‌ ജനീവയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട്‌ സ്‌റ്റോക്‌ഹോം കണ്‍വന്‍ഷന്റെ റിവ്യൂ കമ്മിറ്റി നടക്കാനിരിക്കെയൊണ്‌ പുതിയ നീക്കം. കാസര്‍ഗോഡ്‌ ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതരില്‍ സെന്റര്‍ ഫോര്‍ സയന്‍സ്‌ ആന്‍ഡ്‌ എന്‍വയോണ്‍മെന്റ്‌ എന്ന സംഘടന നടത്തിയ പഠനങ്ങള്‍ തെറ്റാണെന്ന്‌ ചൂണ്ടിക്കാട്ടി സ്‌റ്റോക്‌ഹോം കണ്‍വന്‍ഷന്‍ സെക്രട്ടേറിയറ്റിന്റെ എക്‌സിക്യൂട്ടീവ്‌ സെക്രട്ടറി ഡൊനാള്‍ഡ്‌ കൂപ്പര്‍ക്ക്‌ എന്‍ഡോസള്‍ഫാന്‍ മാനുഫാക്‌ച്ചേഴ്‌സ് ആന്‍ഡ്‌ ഫോര്‍മുലേറ്റേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കത്തയച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ ഇന്ത്യയില്‍നിന്നുളള പരിസ്‌ഥിതി-സാമൂഹ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുമെന്നും പ്രകടനം നടത്തുമെന്നുമുളള ‘ഭീഷണി’മുന്‍കൂട്ടി കണ്ടാണ്‌ കത്ത്‌.
കാസര്‍ഗോഡ്‌ ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശത്ത്‌ ജലത്തിലും മനുഷ്യരുടെ രക്‌തത്തിലും വന്‍തോതില്‍ എന്‍ഡോസള്‍ഫാന്‍ വിഷമടങ്ങിയിട്ടുണ്ടെന്ന്‌ സംഘടനയുടെ പഠനത്തില്‍ വ്യക്‌തമായിരുന്നു. സംസ്‌ഥാന സര്‍ക്കാര്‍ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടായ ദുരിതങ്ങളുടെ ശാസ്‌ത്രീയ റിപ്പോര്‍ട്ട്‌ കൂടി പൂഴ്‌ത്തി വച്ചാണ്‌ വിഷത്തെ വെളളപൂശാന്‍ നിര്‍മാതാക്കള്‍ ഇറങ്ങിയിരിക്കുന്നത്‌. ഈ വിഷത്തെ മൃദുകീടനാശിനിയാണെന്ന്‌ അറിയിച്ച്‌ നിര്‍മാതാക്കള്‍ ജുണില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്‌ കത്തയച്ചിരുന്നു. പ്രധാനമന്ത്രിക്ക്‌ അയച്ച കത്തിന്റെ കോപ്പി കൂടി ചേര്‍ത്താണ്‌ സ്‌റ്റോക്‌ ഹോം കണ്‍വന്‍ഷന്‍ സെക്രട്ടറി കൂപ്പര്‍ക്ക്‌ നിര്‍മാതാക്കള്‍ കത്തയച്ചിരിക്കുന്നത്‌.സമ്മേളനത്തിന്റെ പ്രതിനിധികള്‍ക്ക്‌ ഈ കത്തുകള്‍ വിതരണം ചെയ്യണമെന്നും നിര്‍മാതാക്കള്‍ കൂപ്പറോട്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌. സമ്മേളനത്തിനുളള പ്രതിനിധികള്‍ ജനീവയിലേയ്‌ക്ക് അടുത്തദിവസം പുറപ്പെടാനിരിക്കെയാണ്‌ പുതിയ അടവ്‌.
ഹൈക്കോടതി നിര്‍ദേശ പ്രകാരം എന്‍ഡോസള്‍ഫാന്‍ പ്രയോഗം നിരോധിക്കുകയും എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക്‌ വി.എസ്‌. അച്യുതാനന്ദന്‍ അധികാരത്തിലെത്തിയ ശേഷം പെന്‍ഷന്‍ നല്‍കുകയും ചെയ്‌തിരുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിതരില്‍ പക്ഷാഘാതം, ഞരമ്പ്‌ രോഗം, അന്തസ്രാവ ഗ്രന്ഥികളുടെ പ്രശ്‌നങ്ങള്‍ എന്നീ രോഗങ്ങളാണ്‌ കണ്ടുവരുന്നത്‌. ഈ വിഷം തലമുറകളിലേയക്കു പകരുന്നതിനാല്‍ പ്രത്യാഘാതം നിര്‍ണയിക്കാനുമാവില്ല. ദുരിത ബാധിതരായ നിരവധി പേര്‍ എന്‍മകജെ, മൂളിയാര്‍, പദ്‌രേ, സ്വര്‍ഗം എന്നീ സ്‌ഥലങ്ങളില്‍ നരകയാതന അനുഭവിക്കുമ്പോഴാണ്‌ കണ്ണടച്ച്‌ ഇരുട്ടാക്കി നിര്‍മാതാക്കള്‍ വിഷത്തിന്‌ ഗുഡ്‌സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നത്‌.
എന്‍ഡോസള്‍ഫാന്റെ ഉത്‌പാദനം അവസാനിപ്പിക്കണമെന്നും പരിസ്‌ഥിതിയ്‌ക്കും മനുഷ്യനും ദോഷം വരുത്തുന്ന വിഷം നിരോധിക്കണമെന്നാണ്‌ കേരളത്തിന്റെ ആവശ്യമെങ്കിലും കേന്ദ്രം ഇതിനു തയാറല്ല. റോമില്‍ വച്ച്‌ കഴിഞ്ഞ തവണ നടന്ന റോട്ടര്‍ഡാം കണ്‍വെന്‍ഷനില്‍ എന്‍ഡോള്‍ഫാന്‍ നിരോധിക്കണ്ടെന്ന നിലപാടാണ്‌ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി ആര്‍.എസ്‌.ഖ്വാജ സ്വീകരിച്ചത്‌. എന്‍ഡോസള്‍ഫാനില്‍ ദോഷകരമായി ഒന്നുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതിനെ എതിര്‍ത്ത ഇന്ത്യയില്‍ നിന്നുളള പരിസ്‌ഥിതി പ്രവര്‍ത്തകര്‍ ശരിയായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും വായ്‌മൂടികെട്ടി പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്‌തിരുന്നു. ഇക്കാര്യം ‘മംഗള’ത്തില്‍ റിപ്പോര്‍ട്ട്‌ വന്നതോടെ എന്‍ഡോസള്‍ഫാനെ സംരക്ഷിക്കുന്ന കേന്ദ്ര നിലപാടില്‍ വി.എസ്‌. അച്യുതാനന്ദന്‍ ശക്‌തമായി പ്രതിഷേധിച്ചിരുന്നു. ഇന്ത്യയുടെ ശക്‌തമായ എതിര്‍പ്പ്‌ മൂലമാണ്‌ എന്‍ഡോസള്‍ഫാനെ മാരകവ രാസവസ്‌തുക്കളുടെ പട്ടികയില്‍ നിന്ന്‌ ഒഴിവാക്കിയിരുന്നു. എന്നാല്‍ ശാസ്‌ത്രജ്‌ഞന്മാര്‍ ഉള്‍പ്പെടുന്ന സമിതിയുടെ പഠന റിപ്പോര്‍ട്ടില്‍ എന്‍ഡോസള്‍ഫാന്റെ മാരകമായ ദോഷങ്ങള്‍ എടുത്തുകാട്ടുന്നുണ്ട്‌. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക-സാമൂഹ്യ പ്രത്യാഘാതങ്ങള്‍ വിലയിരുത്താനായി ജനീവയില്‍ യോഗം ചേരാനിരിക്കെയാണ്‌ നിര്‍മാതാക്കളുടെ തന്ത്രം. എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കള്‍ക്ക്‌ അനുകൂലമായ നടപടിയാണോ കേന്ദ്രസര്‍ക്കാര്‍ യോഗത്തില്‍ സ്വീകരിക്കുന്നതെന്ന്‌ ഇതുവരെ വ്യക്‌തമാക്കിയിട്ടില്ല
 article taken from http://kasargodnews.com